കൊടുങ്ങല്ലൂർ: മോദി സർക്കാരിന്റെ ലക്ഷ്യബോധമില്ലാത്ത പരിഷ്കാരം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ തകർത്തതായി സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും ചരിത്രകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ ഗോപാലകൃഷ്ണന്റെ പത്താം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിന് പിറകെ ഒന്നായി പരിഷ്കാരം നടത്തുമ്പോൾ കേന്ദ്ര സർക്കാറിന്റെ അവകാശവാദം ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള നടപടി രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകർത്തു. നിലവിൽ ഒരോ രംഗത്തും ഇന്ത്യ മുന്നോട്ടു പോകാൻ കഴിയാതെ തപ്പിത്തടയുകയാണ്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമം. പിന്നാക്ക വിഭാഗത്തിൽപെട്ട ഹിന്ദുക്കൾ അവർക്ക് ഹിന്ദുക്കളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മണ്ഡലം സെക്രട്ടറി പി.വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ടി ടൈസൻമാസ്റ്റർ എം.എൽ.എ, കെ.എസ് ജയ , ടി.പി രഘുനാഥ്, അഡ്വ. എ.ഡി സുദർശൻ, വി.എ കൊച്ചു മൊയ്തീൻ, ബി.ജി വിഷ്ണു , ബി.എ ഗോപി തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.