തൃശൂർ : കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ച താരങ്ങളുടെ സംഗമത്തിൽ കാരണവരായി എൻപത്തിനാലുകാരനായ ഡോ. രാജഗോപാലും. സന്തോഷ് ട്രോഫി കളിച്ചവരിൽ എറ്റവും സിനീയറായ മൂന്ന് പേരിൽ ഒരാളാണ് പാലക്കാട്ടുകാരനായ ഡോ. രാജഗോപാൽ.
1960 മുതൽ 65 വരെ കേരള ഫുട്ബാളിന്റെ പ്രതിരോധ നിരക്കാരിൽ പ്രമുഖനായ രാജഗോപാൽ 61 ലാണ് ആദ്യമായി സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ജഴ്‌സിയണിഞ്ഞത്. ആ കാലഘട്ടത്തിൽ കേരള ഫുട്ബാളിനെ താങ്ങി നിറുത്തിയിരുന്ന ഹെർക്കുലീസ് എന്ന പേരിലായിരുന്നു രോജഗോപാൽ അറിയപ്പെട്ടിരുന്നത്. റൈറ്റ് വിംഗിൽ കേരളത്തിന്റെ വിശ്വസ്തനായ പ്രതിരോധ നിരക്കാരനായിരുന്നു അദ്ദേഹം. 61 ൽ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയിൽ റെയിൽവേയെ എകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അന്ന് ഗോൾവല കാത്ത മുസ്തഫ മുംബയിലാണ് താമസം. കൂടാതെ തിരുവനന്തപുരം സ്വദേശി റെക്‌സുമാണ് ജീവിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെയും എജീസിന്റെയും അതിഥി താരമായിരുന്നു. പാലക്കാട് ഉദയ ക്ലബ്ബ്, പേട്ട യംഗ്‌സ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകൾക്കായും ജഴ്‌സിയണിഞ്ഞു. സിവിൽ സർജൻ കൂടിയായ ഡോ. രാജഗോപാൽ പാലക്കാട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ പാലക്കാട് അണ്ടർ 10, 12, 14 വിഭാഗങ്ങളിലായി കളിക്കാർക്ക് പരിശീലനം നൽകുന്ന അക്കാഡമി നടത്തി വരികയാണ്.