കുന്നംകുളം: കേച്ചേരി മഴുവഞ്ചേരി പെരുവൻ മല ശിവക്ഷേത്ര പരിസര നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കുന്നംകുളം താലൂക്കിലെ ചിറനെല്ലൂർ, എരനെല്ലൂർ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്കാണ് അധികൃതർ 15 ദിവസത്തിനകം വീട് വിട്ടൊഴിയാൻ നോട്ടീസ് നൽകിയത്.
ക്ഷേത്രഭൂമി കൈയേറിയതായി കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ സർവെ നടത്തി ഏക്കർ കണക്കിന് ക്ഷേത്രഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വർഷങ്ങളായി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർ ഉൾപ്പെടെയുള്ള നിർദ്ധനരായ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം രംഗത്ത് വന്നിട്ടുണ്ട്. പ്രക്ഷോഭവും, നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ അറിയിച്ചു.