തൃശൂർ : ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് വീണ്ടും പഴയ പടക്കുതിരകളുടെ മിന്നും പ്രകടനം. വിജയന്റെയും പാപ്പച്ചന്റെയും ജോ പോളിന്റെയും ഹർഷന്റെയും കുതിപ്പും ഷറഫലിയുടെയും കുരികേശ് മാത്യുവിന്റെയും പ്രതിരോധവും കെ.ടി ചാക്കോയുടെയും ശിവദാസിന്റെയും സേവുകളും കാണികളെ പഴയകാല ഫുട്ബാൾ ആരവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സന്തോഷ് ട്രോഫി ഫുട്ബാളിൽ ജഴ്‌സിയണിഞ്ഞവരാണ് ഒരിക്കൽ കൂടി മൈതാനത്ത് ഇറങ്ങിയത്.

സന്തോഷ് ട്രോഫി കളിച്ചവരിലെ മുതിർന്ന താരങ്ങളായ ഡോ. രാജഗോപാലിന്റെയും വില്യംസിന്റെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് സൗഹൃദമത്സരത്തിനായി കളത്തിലിറങ്ങിയപ്പോൾ മികച്ച പന്തടക്കവും ഡ്രിബ്‌ളിംഗുകളും മികച്ച സേവുകളും കോർപറേഷൻ മൈതാനത്ത് ദൃശ്യമായി. താൻ കളിച്ച് വളർന്ന മൈതാനത്ത് ഐ.എം.വിജയന്റെ ഡ്രിബ്ളിംഗുകൾ കാണികളെ ആവേശം കൊള്ളിച്ചു. ഇന്ത്യ കണ്ട മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായ യു. ഷറഫലി, കുരികേശ് മാത്യു, തോബിയാസ്, സുരേഷ്, വി.പി ഷാജി, സി.കെ ജയചന്ദ്രൻ, എം.എം ജേക്കബ്ബ്, ശ്രീഹർഷൻ, ജോസി പി. അഗസ്റ്റിൻ, ഹബീബ് റഹ്മാൻ, ദിനകരൻ, ലാസർ, അഷ്‌റഫ്, ലിസ്റ്റൺ, സി.വി പാപ്പച്ചൻ, ജോപോൾ അഞ്ചേരി, ഐ.എം വിജയൻ, മാർട്ടിൻ, കെ.എഫ് ബെന്നി, ഹരിദാസ്, പി.എ സന്തോഷ് തുടങ്ങിയവർ ഇരു ടീമുകളിലുമായി അണിനിരന്നു. കെ.ടി ചാക്കോയും ശിവദാസുമാണ് ആദ്യപാദത്തിൽ ഗോൾവല കാത്തത്. അരമണിക്കൂർ മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാനായില്ല...