തൃശൂർ : ആധുനിക സംവിധാനങ്ങളുമായി നഗരത്തിൽ തമ്പടിച്ച വൻ ചീട്ടുകളി സംഘം പിടിയിൽ. ബാല്യ ജംഗ്ഷനിലെ റോയൽ എഡ്യുക്കേഷണൽ റിക്രിയേഷൻ ക്ലബ്ബിന്റെ മറവിലാണ് പണം വെച്ചുള്ള ചീട്ടുകളി നടന്നത്. ബിജിൽ പാലക്കൽ, ബാസിൽ മുണ്ടൂർ, ശേഖരൻ പുത്തൂർ, ഷാനവാസ് അണ്ണല്ലൂർ, ബിജു മണ്ണുത്തി, ജെയ്‌സൺ തൃക്കൂർ, ബൈജു മരത്താക്കര, ബാബു ചിയ്യാരം, ജോർജ് ചിയ്യാരം, ഷാജു ആമ്പല്ലൂർ, അരുൺ മുണ്ടത്തിക്കോട്, ഷാലി ആമ്പല്ലൂർ, സദൻ കുറ്റൂർ, രാജേഷ് ഒല്ലൂർ, ജോഷി ഒല്ലൂർ, അനീഷ് ഇരിങ്ങാലക്കുട എന്നിവരാണ് അറസ്റ്റിലായത്.
2,31,780 രൂപയും, മൂന്ന് കാർ, നാല് ബൈക്ക്, ഒരു ഓട്ടോ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുപത്തി നാലുമണിക്കൂറും പണം വച്ചുള്ള കളിയാണിവിടെ നടന്നിരുന്നത്. സി.സി.ടി.വി കാമറ വെച്ച് പരിസരം മുഴുവൻ നിരീക്ഷണം നടത്തിയിരുന്നു. മാഗ്‌നറ്റിക് ലോക്കർ വെച്ച് ഗേറ്റ് നിയന്ത്രിച്ചിരുന്നു. അനുമതിയില്ലാതെ ആരു വന്നാലും അലാറമടിക്കും. പ്രത്യേക സജ്ജീകരണങ്ങളാൽ നിയന്ത്രിച്ച സ്ഥലത്തേക്ക് പൊലീസ് സാഹസികമായാണ് കടന്നെത്തിയത്. കളിക്കെത്തുന്നവർക്ക് മാത്രമായി പ്രത്യേക പാചകക്കാരനെ നിറുത്തിയിരുന്നു. പാചകക്കാരന്റെ സഹായിയെന്ന നിലയിലാണ് കയറി പിടികൂടിയത്. അർദ്ധരാത്രി 12 മണിയോടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ജില്ലാ ക്രൈംബ്രാഞ്ചും ഈസ്റ്റ് പൊലീസും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്. ഈസ്റ്റ് സി.ഐ പി.പി ജോയ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐമാരായ എൻ.ജി സുവ്രതകുമാർ, പി.എം റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, പൊലീസുകാരായ ടി.പി ജീവൻ, പഴനിസ്വാമി, എം. ഹബീബ്, പി. സുദേവ്, എം.എസ് ലിഗേഷ്, എ.എസ് അർജുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്...