തൃശൂർ: കോലഴിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഏഴ് കോടി തട്ടിയെന്ന് പരാതി. പുത്തൻമഠം കുന്ന് സെന്റ് ജോസഫ് കാത്തലിക് ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് നൂറോളം ഇടപാടുകാർ രംഗത്തെത്തിയത്. സൊസൈറ്റിക്കെതിരെ കമ്മിഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. തിരൂർ പള്ളിയിലെ സമുദായത്തിന്റെ പേരിൽ തുടങ്ങിയ കുറി വളർന്ന് വലുതായപ്പോൾ ചിലർ രൂപീകരിച്ചതാണ് സൊസൈറ്റി. 2014 മുതൽ ആരംഭിച്ച സ്ഥാപനത്തിൽ കുറി ചേർന്നവർക്ക് മൂന്ന് കോടി രൂപയും, നിക്ഷേപകർക്ക് നാല് കോടിയും തിരിച്ച് കിട്ടാനുണ്ടെന്ന് പറയുന്നു. പണം ലഭിക്കാനുള്ളത് സാധാരണക്കാർക്കാണ്. രണ്ട് മാസം മുമ്പ് വിയ്യൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്. ഇതേത്തുടർന്ന് 35 ഓളം പേർ ഒപ്പിട്ട് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതിലും അന്വേഷണം ഉണ്ടായില്ലെന്ന് മാത്രമല്ല തട്ടിപ്പുകാർക്ക് അനുകൂലമായാണ് നടപടി ഉണ്ടായതെന്നും തട്ടിപ്പിനിരയായവർ പറയുന്നു. ഈ മാസം 30 ന് നടക്കുന്ന ഡി.ജി.പി ലോക് നാഥ് ബഹ്‌റയുടെ അദാലത്തിലേക്കാണ് വീണ്ടും പരാതി നൽകിയത്.