തൃശൂർ: ജില്ലയിലെ കുഷ്ഠരോഗ ബാധിതരിൽ 16 ഇതര സംസ്ഥാന തൊഴിലാളികളും 10 കുട്ടികളുമുള്ളതിൻ്റെ അടിസ്ഥാനത്തിൽ രോഗബാധിതരെ ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാൻ തീവ്രശ്രമം. രോഗ നിർമ്മാർജ്ജനത്തിനും ബോധവത്കരണത്തിനുമായി 'അശ്വമേധം' പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിൽ ഇന്നലെ തുടങ്ങി. ഡിസംബറിൽ നടത്തിയ അശ്വമേധം പദ്ധതിയുടെ ഒന്നാം ഘട്ടത്തിലൂടെ 26 കുഷ്ഠരോഗ ബാധിതരെ ജില്ലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ച് കുട്ടികളും ആറ് ഇതരസംസ്ഥാനക്കാരുമുണ്ട്. പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലും കുഷ്ഠരോഗ നിർണ്ണയത്തിനായി രണ്ടംഗ വളൻ്റിയർ ടീം എത്തും.
കുഷ്ഠരോഗമുണ്ടെന്ന് സംശയിക്കുന്നവർക്ക് റഫറൽ സ്ലിപ് നൽകും. മേഖലാടിസ്ഥാനത്തിൽ ഡെർമറ്റോളജിസ്റ്റ് രോഗം ഉറപ്പുവരുത്തും. സ്വകാര്യത ഉറപ്പു വരുത്തിയുള്ള ചികിത്സയായിരിക്കും നൽകുക. തുടർചികിത്സ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാകും. ഒക്‌ടോബർ ആറ് വരെയാണ് പദ്ധതി. 24, 25, 26 തീയതികളിൽ വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകൾ നടത്തും. ബ്ലോക്ക്, വാർഡ് തലങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ബോധവത്കരണ ക്ലാസുകൾ, ക്വിസ്, പോസ്റ്റർ പെയിന്റിംഗ് മത്സരങ്ങൾ, ഫ്‌ളാഷ് മോബ്, വിദ്യാർത്ഥി റാലികൾ, ഗാനാലാപനം, നോട്ടീസ് വിതരണം എന്നീ ബോധവത്കരണ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
മൊത്തം വീടുകൾ : 8,74,000
വളൻ്റിയർ ടീം : 4,246
വളൻ്റിയർമാർ : 8,492
ടീമിലുള്ളത് : ഒരു ആശാവർക്കറും പുരുഷ വളൻ്റിയറും
പകർച്ചസാദ്ധ്യതയില്ലാത്തവർക്ക് ചികിത്സ : ആറ് മാസം
ഗുരുതരമായവർക്ക് : ഒരു വർഷം
ദേഹപരിശോധന നടത്തും
പുരുഷ വളണ്ടിയർ പുരുഷന്മാർക്കും വനിതാ വളണ്ടിയർ വനിതകൾക്കും ദേഹപരിശോധന നടത്തും. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതും സ്പർശന ശേഷി ഇല്ലാത്തതുമായ പാടുകൾ, തടിപ്പ്, മരവിപ്പ്, ബലക്ഷയം, വേദനയില്ലാത്തതും ഉണങ്ങാത്തതുമായ വ്രണങ്ങൾ, ചെവിക്കുടയിലെ ചെറിയ മുഴകൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവരുടെ ശ്രദ്ധയിൽപെടുത്തണം. വിദഗ്ദ്ധ പരിശോധനയും രോഗബാധിതര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും എല്ലാ താലൂക്ക് ആശുപത്രികളിലുമുണ്ട്.
............
''ആറ് മാസം മുതൽ 12 മാസം വരെയാണ് ചികിത്സ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലാ തലത്തിൽ ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാർക്കും സൂപ്പർവൈസർമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും പരിശീലനം നൽകി കഴിഞ്ഞു. വോളണ്ടിയർമാർക്കുളള പ്രാദേശികതല പരിശീലനവും നടത്തി.''
ഡോ. ടി.വി സതീശൻ,
ജില്ലാ പ്രോഗ്രാം മാനേജർ
ആരോഗ്യകേരളം