pinarayi-vijayan

തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യം കൊണ്ടും ഗരിമ കൊണ്ടും മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം ജനങ്ങൾക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പിണറായി. ആത്മാഭിമാനം കവിതയിലൂടെ സമൂഹത്തിന് പകർന്നുകൊടുത്തത് കുഞ്ഞുണ്ണി മാഷാണ്. മാഷിന്റെ കവിതകളുടെ മുഖമുദ്ര ലാളിത്യമാണ്. ഏതു പാമരനും മനസിലാക്കാവുന്ന രീതിയിൽ എഴുതുകയും, ജീവിത ഗന്ധിയായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല.

മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാതെ പോയതിൽ മാഷ് വ്യാകുലനായിരുന്നു. മാഷിന്റെ ദുഃഖം പരിഗണിച്ചാണ് എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പി.എസ്.സി പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ തയ്യാറായതും മാഷിന്റെ സ്മരണയ്ക്ക് സമർപ്പിക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കായകല്പ അവാർഡിന് അർഹമായ തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു.