കണ്ടശാംകടവ്: ബസുകളുടെ മരണപാച്ചിലിൽ ഇടുങ്ങിയ കണ്ടശാംകടവ് പാലത്തിന്റെ കൈവരിക്കിടയിലും ബസിനും ഇടയിൽ കുടുങ്ങിയ ദളിത് യുവതിയുടെ വലത് കാൽ മുറിച്ചു മാറ്റി. ബസ് നിറുത്താതെ പോയിട്ടും പിടികൂടിയില്ലെന്ന് ആക്ഷേപം. നടുവിൽക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണോത്ത് ജിജേഷിന്റെ ഭാര്യ ഗീതയാണ് ( 40) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
ഈ മാസം 18 ന് രാവിലെ ഒമ്പതോടെ കണ്ടശാംകടവ് പാലത്തിന് മുകളിലായിരുന്നു അപകടം. ഗീത വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ കണ്ടശാംകടവ് മാർക്കറ്റിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയം രണ്ട് ഭാഗത്ത് നിന്നായി രണ്ട് ബസുകൾ പാഞ്ഞു വന്നു. ബസിന്റെ വരവ് കണ്ട് പാലത്തിൽ ഗീത ഒതുങ്ങി നിന്നു. തൃശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കിരൺ ബസിനും പാലത്തിന്റെ കൈവരിയുടെ തൂണിനും ഇടയിൽ കുടുങ്ങിയ ഗീതയുടെ വലത്ത് തുടയുടെ എല്ലുകൾ പൊടിയുകയും മാംസം ചതയുകയും ചെയ്തു. അപകടമുണ്ടായിട്ടും ബസ് നിറുത്താതെ പാഞ്ഞു. തുടർന്ന് ഓടിക്കൂടിയ ചുമട്ടുതൊഴിലാളികൾ ഗീതയെ ആദ്യം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ചു.

എല്ല് പൊടിയുകയും മാംസം ചതയുകയും ചെയ്തതിനാൽ പഴുപ്പ് മുകളിലേക്ക് കയറാൻ സാദ്ധ്യതയുള്ളതിനാൽ കാൽ മുറിച്ചുമാറ്റി ജീവൻ രക്ഷിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. സ്ഥിതി ഗുരുതരമായതോടെ വീട്ടുകാർ കടം വാങ്ങി 70,000 രൂപയോളം ജൂബിലി മിഷൻ ആശുപത്രിയിൽ അടച്ച ശേഷം ഗീതയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പഴുപ്പ് കയറി വന്നതോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഞായറാഴ്ച രാവിലെ വലത് കാൽ മുറിച്ചു മാറ്റി. എന്നിട്ടും പഴുപ്പ് കയറി വരുകയാണ്. അതേസമയം നിറുത്താതെ പോയ ബസ് പൊലീസ് പിടികൂടിയില്ലെന്നും ബസ് ഇപ്പോൾ ഇതേ ഡ്രൈവറുടെ കീഴിൽ ഈ റൂട്ടിൽ ചീറിപ്പായുകയാണെന്ന് ഗീതയുടെ സംഹാദരൻ സജൻ ആരോപിച്ചു . ബസ് അധികൃതർ 40,000 രൂപ തന്നുവെന്ന് വ്യാജ പ്രചരണവും നടത്തുന്നു. ഇടിച്ച ബസ് പിടികൂടി,​ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും പൊലീസ് നിയമ നടപടി കൈക്കൊള്ളണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തതായും യുവതിയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്ന അപകടത്തിന് കാരണമായ ബസ് പിടികൂടുമെന്നും അന്തിക്കാട് പൊലീസ് പറഞ്ഞു.