vadakekadauto
ഓട്ടോറിക്ഷ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

വടക്കേകാട്: വടക്കേക്കാട് മുക്കില പീടികയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് മൂലം യാത്രക്കാർ ദുരിതത്തിലായി. 40 വർഷത്തോളമായി മുക്കിലപ്പീടികയിൽ നിലനിന്നിരുന്ന ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ ഏകപക്ഷീയമായി തീരുമാനിച്ച വടക്കേക്കാട് പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് 60 ഓളം വരുന്ന തൊഴിലാളികൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ പണിമുടക്ക് ആരംഭിച്ചത്.

സംയുക്ത തൊഴിലാളി യൂണിയനിൽപ്പെട്ട സി.ഐ.ടി.യു, ബി.എം.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. നഗരത്തിൽ കുരുക്കുണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് വടക്കെക്കാട് എസ്.ഐ: അബ്ദുൽ ഹക്കീം തൊഴിലാളികളോട് സ്റ്റാൻഡ് കല്ലിങ്കൽ റോഡിലേക്കും ആറ്റുപുറം റോഡിലെ കടകൾ അവസാനിക്കുന്നിടത്തോട്ടും മാറ്റാനായി ആവശ്യപ്പെട്ടത്.

സി.ഐ.ടി.യു, ബി.എം.എസു നേതാക്കൾ പൊലീസുമായി ചർച്ച ചെയ്തെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഓണം വരെ തൽസ്ഥിതി തുടരാൻ അനുവദിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ പാർക്കിലെത്തി ഓട്ടോ റിക്ഷകളിൽ നാലെണ്ണം കല്ലിങ്കൽ റോഡിലേക്കും അഞ്ചെണ്ണം നിലവിലെ സ്റ്റാൻഡിൽ നിന്നും പിറകിലേക്കും പാർക്ക് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.

എസ്.ഐയുടെ നിർബന്ധത്തിനു വഴങ്ങി അനുസരിച്ച തൊഴിലാളികൾക്ക് നേരെ കല്ലിങ്കൽ റോഡിലെ കടയുടമകൾ പ്രതിഷേധവുമായെത്തി. തുടർന്നാണ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. യാത്രക്കാർ ഓട്ടോറിക്ഷ കിട്ടാതെ വലഞ്ഞു. ബസ് റൂട്ടില്ലാത്തിടത്തേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായത്. ഇതിനിടെ സമരം ചെയ്യുകയായിരുന്ന ഓട്ടോറിക്ഷ തൊഴിലാളി നേതാവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീപ്പിൽ കയറ്റിയ രാജനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചത്തോടെ പൊലീസ് ഇറക്കിവിട്ടു.