ഗുരുവായൂർ: ഗുരുവായൂരിൽ ആധുനിക പൊലീസ് സ്റ്റേഷൻ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനായി പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സേന പഴയ നിലയിലല്ല ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സംസ്ഥാനമാകെ ജനമൈത്രി പൊലീസ് എന്ന നിലയിലാണ് പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയക്കെടുതിയിൽ പൊലീസിന്റെ സന്നദ്ധ സേവന മുഖം ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ മികച്ച സംഭാവനയാണ് പൊലീസ് നൽകുന്നത്. പോലീസിലെ സത്രീകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനിയും സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. കെ.വി. അബ്ദുൾഖാദർ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഡി.ജി.പി: ലോകനാഥ് ബെഹ്‌റ, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.