പീച്ചി : മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള കമ്പനിക്ക് സർക്കാർ രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണാറ മോഡൽ ഹോർട്ടികൾച്ചർ ഫാമിലെ അഞ്ച് എക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ബനാന ആൻഡ് ഹണി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരത്തിന്റെ നാട്ടിൽ കേരം കുറഞ്ഞ് വരുന്നു. അത് പരിഹരിക്കാനായി കേരഗ്രാമം പദ്ധതി നടപ്പിലാക്കി വരികയാണ്. മറ്റ് രാജ്യങ്ങളിൽ പോയാൽ നാളികേരത്തിന്റെ നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങൾ കാണാം. നമുക്ക് ആ മേഖലയിൽ മുന്നേറാൻ കഴിയണം. റബർ വില തകർച്ചയിലാണ്. റബർ ബാൻഡ് മുതൽ ടയർ വരെയുള്ള ഉല്പന്നങ്ങൾ നമുക്ക് ഉണ്ടാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, കെയ്‌കോ ചെയർമാൻ സുൾഫിക്കർ മയൂരി , ഒല്ലൂർക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ഉമാദേവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.ബി പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. ഗവ: ചീഫ് വിപ്പ് കെ. രാജൻ സ്വാഗതവും കെയ്‌ക്കോ മാനേജിംഗ് ഡയറക്ടർ ശശികുമാർ കെ.പി നന്ദിയും രേഖപ്പെടുത്തി..