ചാലക്കുടി: നഗരത്തിലെ പൊതുനിരത്തിൽ നടക്കുന്ന അനധികൃത മത്സ്യ വിൽപ്പന നിറുത്തണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ മത്സ്യവ്യാപാരികൾ നഗരസഭാ ചെയർപേഴ്‌സന്റെ ചേമ്പറിലെത്തി. ലൈസൻസ് എടുത്ത് കനത്ത വാടകയും നൽകി വിൽപ്പന നടത്തുന്ന മത്സ്യ വ്യാപാരികൾക്ക് അനധികൃത മത്സ്യവിൽപ്പന ബുദ്ധിമുട്ടാണെന്ന് ഇവർ നഗരസഭാ അദ്ധ്യക്ഷയെ അറിയിച്ചു.
മത്സ്യവ്യാപാരികൾ കടക്കെണിയുടെ വക്കിലാണെന്നും ഇവർ പറഞ്ഞു. ലൈസൻസ് അടക്കമുള്ള ഒരു മാനദണ്ഡവും പാലിക്കാതെ വഴിയോരങ്ങളിലും മാർക്കറ്റ് പരിസരത്തും വിൽപ്പന നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അനധികൃത മത്സ്യവിൽപ്പനയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും പ്രത്യേക ഹെൽത്ത് സ്‌ക്വാഡ് രൂപീകരിച്ച് ഇത്തരക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉറപ്പു നൽകി.
ഇതേത്തുടർന്ന് വാഴാഴ്ച മത്സ്യസ്റ്റാളുകൾ അടച്ചിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന സമരം പിൻവലിച്ചതായി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കോൾ സ്റ്റോറേജിന്റെ മറവിൽ മാർക്കറ്റിൽ നിന്നും പരിസരത്ത് നിന്നും കൊണ്ടുവരുന്ന മത്സ്യവും മാംസവും വിൽപ്പന നടത്തുന്നതായും വ്യാപാരികൾ ചൂണ്ടിക്കാട്ടി. കോൾ സ്റ്റോറേജുകൾ നിറുത്തലാക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.
വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർ വി.ജെ. ജോജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ജോർജ്ജ് വേഴപറമ്പിൽ, ആന്റോ മേനാച്ചേരി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.