തൃശൂർ: കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ മൂന്നു വയസുകാരനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ഷിബുവിനെയാണ് കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു വർഷം അധികതടവ് അനുഭവിക്കേണ്ടി വരും. 2012 ഫെബ്രുവരി എട്ടിന് അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ദേവസി, ഭാര്യ എൽസി, മകൻ ഷിബുവിന്റെ ഭാര്യ മിനി, ഷിബുവിന്റെ മക്കളായ അനീഷ്യ, ആൽബിൻ എന്നിവരാണ് മരിച്ചത്. എൽസി കാൻസർ രോഗബാധിതയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബം. ആനപ്പാറ കോളനിപ്പടിയിലെ റബ്ബർ തോട്ടത്തിലെ ഷീറ്റ് അടിക്കുന്നതിനും സൂക്ഷിക്കുന്നതിനും നോർത്ത് പറവൂർ കൈതാരം കണ്ണംപുഴ കാളിയാർ വിവേക് ജോയ് എന്നയാൾ ഷിബുവിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. റബ്ബർ ഷീറ്റുകൾ ഷിബു സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്ത് ദുരുപയോഗിച്ചതിനെ ചൊല്ലി ഷിബുവും, വിവേകും വഴക്കിട്ടിരുന്നു. തുടർന്നുണ്ടായ മനോവിഷമത്താലും, സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമാണ് കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ദേവസി കുറിപ്പ് എഴുതി വച്ചിരുന്നു. ഷിബുവിന്റെ പിതാവ് ദേവസി കൈയിൽ മുറിവുണ്ടാക്കിയ ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയും , എൽസി കൈഞരമ്പ് മുറിച്ചും ഭാര്യ മിനി കെട്ടിത്തൂങ്ങിയും മകൾ അനീഷ്യ വിഷം കഴിച്ചുമായിരുന്നു മരിച്ചത്. മൂന്നു വയസുള്ള മകൻ ആൽബിനെ ഷിബു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.