പുതുക്കാട്: ദുരിതബാധിതർക്ക് സഹായവുമായി പോയ വാഹനം പാലിയേക്കര ടോൾ പ്ലാസയിൽ തടഞ്ഞു. വയനാട് പുത്തുമലയിലെ ദുരിതബാധിതർക്ക് സഹായവുമായി പോയ പാലപ്പിള്ളി തോട്ടം തൊഴിലാളി കൂട്ടായ്മയുടെ വാഹനമാണ് ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ടോൾ നൽകാതെ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞ് നാല് സെക്യൂരിറ്റി ജീവനക്കാർ വാഹനം തടഞ്ഞിടുകയായിരുന്നു.
പുത്തുമലയിലെ ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന് എഴുതിയ ബാനർ വാഹനത്തിന് മുൻപിൽ കെട്ടിവച്ചത് കണ്ടിട്ടും ജീവനക്കാർ വാഹനം കടത്തിവിടാൻ തയ്യാറായില്ല. ദുരിതബാധിത സ്ഥലങ്ങളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കാനുള്ള സമയപരിധി അവസാനിച്ചുവെന്ന് പറഞ്ഞാണ് വാഹനം കടത്തിവിടാതിരുന്നത്.
അര മണിക്കൂറോളം വാഹനം ടോൾ പ്ലാസയിൽ തടഞ്ഞിട്ടു. പിന്നീട് ടോൾ നൽകിയാണ് ഇവർ യാത്ര തുടർന്നത്. പാലപ്പിള്ളി തോട്ടം തൊഴിലാളി കൂട്ടായ്മ ഭാരവാഹികളും വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന ഭാരവാഹികളും ഉൾപ്പെടെ പതിനെട്ട് പേർ വാഹനത്തിലുണ്ടായിരുന്നു. സ്ത്രീകളടക്കമുള്ള നേതാക്കൾ വാഹനത്തിലുണ്ടായിരുന്നിട്ടും മോശമായ രീതിയിലാണ് ടോൾ പ്ലാസ ജീവനക്കാർ പെരുമാറിയതെന്നും ആരോപണമുണ്ട്.
പാലപ്പിള്ളി തോട്ടം മേഖലയിലെ നിർദ്ധന തൊഴിലാളി കുടുംബങ്ങളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളുമായി പുത്തുമലയിലെ തോട്ടം തൊഴിലാളികൾക്ക് നൽകാൻ പോയ വാഹനമാണ് മനുഷ്യത്വമില്ലാത്ത പ്രവർത്തിയിലൂടെ ടോൾ പ്ലാസയിൽ തടഞ്ഞത്.