തൃശൂർ: ഒരു തരത്തിലുമുളള പഞ്ചവടിപ്പാലങ്ങൾ ഇടത് സർക്കാരിൻ്റെ കാലത്ത് ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് തന്നെ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു.ഡി.എഫിൻ്റേത് പോലെ എന്ത് ചെയ്താലും വിഹിതം കൈപ്പറ്റുന്ന സാഹചര്യം ഇടത് സർക്കാരിൽ ഉണ്ടാകില്ലെന്നും പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് ഭരണകാലത്തെ പോലെ ഒന്നും നടക്കരുതെന്ന ആഗ്രഹമാണ് യു.ഡി.എഫ് നേതാക്കൾക്കും പ്രതിപക്ഷ നേതാവിനുമുളളത്.

പക്ഷേ, അത് മനസിൽ വെച്ചാൽ മതി. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച കാര്യങ്ങൾ നടപ്പാക്കുക തന്നെ ചെയ്യും. നാടിൻ്റെ മുഖമാകെ മാറിയെന്നത് തന്നെയാണ് മൂന്ന് വർഷത്തെ മാറ്റം. ആഗോള ഭീമന്മാർ എന്ന് വിശേഷിപ്പിക്കുന്നവർ നിക്ഷേപത്തിനായി കേരളത്തിലെത്തുന്നു. വികസനം നടക്കാതിരിക്കാനാണ് കിഫ്ബിക്കെതിരായ ആരോപണം. നിയമപരമായും വ്യവസ്ഥകളോടെയും പ്രവർത്തിക്കുന്നതാണ് കിഫ്ബി. ഏത് തരത്തിലുള്ള പരിശോധനയും അതിന് ബാധകമാണ്. പ്രതിപക്ഷ നേതാവിൻ്റെ പരിഹാസ്യമായ വാദങ്ങൾ മറുപടി അർഹിക്കുന്നില്ല. അഞ്ച് വർഷം കൊണ്ട് അമ്പതിനായിരം കോടിയുടെ പദ്ധതി കിഫ്ബിയിലൂടെ നടപ്പാക്കാനാണ് തീരുമാനിച്ചത്. മൂന്ന് വർഷം പിന്നിടുമ്പോൾ മുപ്പതിനായിരം കോടിയുടെ പദ്ധതിയായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പണം കണ്ടെത്തുന്നതെല്ലാം കിഫ്ബി ഫണ്ടിലൂടെയാണ്. 600 ഇനങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ നടക്കാനുള്ളത് 58 എണ്ണം മാത്രമാണ്. ഈ വർഷം ഇത് നടപ്പിലാക്കും. എത്ര വലിയ ശബ്ദങ്ങൾ ഉണ്ടാക്കിയാലും ഈ പ്രവർത്തനം സ്തംഭിക്കില്ല. നാടിനോടും ജനങ്ങളോടും പറഞ്ഞതും അതിലപ്പുറവും നടപ്പിലാക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രൊഫ: സി. രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ ബാലൻ, എം.കെ കണ്ണൻ എന്നിവർ പ്രസംഗിച്ചു. അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. തൃശൂർ ശക്തൻ സ്റ്റാൻഡ്, പാലസ് റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച റെഡ് വളൻ്റിയർ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.