കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ പെരിഞ്ഞനോർജ്ജം ഉൾപ്പടെയുള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറിയുടെ അസാന്നിദ്ധ്യം ചർച്ചാ വിഷയമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായെത്തിയിട്ടു പോലും സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ പരിപാടിയിൽ നിന്നും വിട്ട് നിന്നത് കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിറകെ പൊട്ടിത്തെറിയിലേക്കെത്തിയ പാർട്ടിക്കുള്ളിലെ വിഭാഗീയത നിലനിൽക്കുന്നുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തൽ.

പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ അട്ടിമറിച്ച് പ്രസിഡന്റ് പദവിയിലേക്കെത്തിയ സച്ചിത്തിന്റെ നേതൃത്വത്തിലാണ് പെരിഞ്ഞനം പഞ്ചായത്ത് ഭരണസമിതി. ശ്രദ്ധേയമായ നിരവധി പദ്ധതികൾ ഇവർ ആവിഷ്കരിച്ച് നടപ്പാക്കുകയുണ്ടായി. ഇതിന് മുൻപ് നടന്ന സോളാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീനൊപ്പം ഏരിയാ സെക്രട്ടറി പങ്കെടുത്തിരുന്നു. എന്നിട്ടും പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും ഏരിയാ സെക്രട്ടറി വിട്ട് നിന്നതെന്തു കൊണ്ടെന്ന് വിശദീകരിക്കാനാകാതെ പാർട്ടി പ്രവർത്തകരും ആശയക്കുഴപ്പത്തിലായി. പെരിഞ്ഞനം പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഇവിടുത്തെ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും ബഹുജന പങ്കാളിത്തവുമൊക്കെ പ്രകടമായിരിക്കെ മറ്റ് വിവാദങ്ങളിലേക്കൊന്നും പോകേണ്ടതില്ലെന്ന നിലപാടിലാണിവരിപ്പോൾ.