bar-hotel-attack-

പഴയന്നൂർ: നായകളുമായി എത്തി വടിവാൾ വീശി ബാർ ഹോട്ടലിൽ അക്രമം നടത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പഴയന്നൂർ രാജ് റസിഡൻഷ്യൽ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടത്തിയത്. നായ പരിശീലകരായ തൃശൂർ പൂങ്കുന്നം, അഞ്ചേരി സ്വദേശികളായ വൈശാഖൻമാരാണ് പ്രതികൾ.

ഒരാഴ്ച മുമ്പാണ് പഴയന്നൂർ വെള്ളപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് നായകളെ പരിശീലനത്തിനായി കൊണ്ടുവന്നത്. പലരുടെയും ഉടമസ്ഥതയിലുള്ള വിവിധ ഇനം നായകളുണ്ട്. കണ്ണൂർ സ്വദേശിയുടെ വിലപിടിപ്പുള്ള നായ ചത്തിയിരുന്നു. അന്നു വൈകുന്നേരം പ്രതികൾ ബാറിലെത്തി മദ്യപിക്കുകയും പണം നൽകാത്തതിനെ തുടർന്ന് ബാർ ജീവനക്കാരുമായി കൈയേറ്റം ഉണ്ടാകുകയും ഇവരുടെ മൊബൈൽ ഫോൺ പിടിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് രാത്രിയിൽ നായകളുമായി എത്തി ബാർ തല്ലിത്തകർത്ത്.


മുങ്ങിയ പ്രതികൾക്കായി പഴയന്നൂർ പൊലീസ് ഇൻസ്പക്ടർ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരുടെ പേരിൽ മറ്റു ചില സ്റ്റേഷനിൽ പല ക്രിമിനൽ കേസുകളുമുണ്ട്. വിവരമറിഞ്ഞ് നായയുടെ ചില ഉടമസ്ഥരെത്തി കൊണ്ടുപോയെങ്കിലും ബാക്കിയുള്ളവ വീട്ടിൽ തന്നെയുണ്ട്. അവയ്ക്ക് സഹായിയായി വീടിനടുത്തുള്ള ഒരു വയോധിക തീറ്റ നൽകി വരുന്നുണ്ട്.