തൃശൂർ: തെക്കു പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങാൻ വൈകിയേക്കുമെന്ന് പറയുമ്പോഴും സെപ്തംബർ മാസത്തിൻ്റെ അവസാനത്തിലും മഴ ഇടയ്ക്കിടെ പെയ്യുന്നതിന് കൃത്യമായ കാരണങ്ങൾ അവ്യക്തം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രയിൽ അന്തരീക്ഷ ചുഴലി രൂപം കൊണ്ടിട്ടുണ്ട്. അതിന്റെ സ്വാധീനത്തിലാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം. അത് ന്യൂനമർദ്ദമായി മാറുകയും അറബിക്കടലിൽ വടക്കൻ കൊങ്കൺ മേഖലയിൽ മറ്റൊരു ന്യൂനമർദ്ദമുണ്ടാവുകയും ചെയ്യുമ്പോൾ മഴയുണ്ടാകുമെന്നും പറയുന്നു. ഗുജറാത്ത് തീരത്തിന് മുകളിലെ തീവ്ര ന്യൂനമർദം കൊടുങ്കാറ്റായി (ഹിക്ക) രൂപപ്പെട്ടു തുടങ്ങിയെങ്കിലും ഒമാൻ തീരത്തേക്ക് നീങ്ങിയെന്നാണ് നിഗമനം. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള മഴയാണ് തെക്കുപടിഞ്ഞാറൻ കാലവർഷമായി കണക്കാക്കുന്നതെങ്കിലും ഈ ദിവസങ്ങളിൽ മഴ ഒഴിയാറുണ്ട്. അതേസമയം, ഗ്രഹങ്ങളുടെ സ്വാധീനവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടുളള വിശദീകരണവും ചിലർ ഉന്നയിക്കുന്നുണ്ട്.

അസ്വാഭാവികതകൾ :

കഴിഞ്ഞ വർഷത്തെപ്പോലെ ആഗസ്റ്റിൽ വീണ്ടും പ്രളയം

സമുദ്രോപരിതലത്തിലെ ചൂട് കൂടുമ്പോൾ കാറ്റിൻ്റെ ഗതി മാറുന്നു.

തിരമാലകൾ ശക്തമാകുമ്പോൾ കാലാവസ്ഥയിലും വ്യതിയാനം

ആഗോളതാപനവും തിരമാലകളുമായുളള ബന്ധം ബാധിക്കുന്നത് തീരമേഖലയെ

ജില്ലയിൽ 13 ശതമാനം അധികം

13​ ​%​ ​അ​ധി​കം . ഈ കാലവർഷം തൃ​ശൂ​രി​ൽ​ ലഭിച്ചത് 2320​ ​മി​ല്ലി​.മീ​ ​. 13​ ​ശ​ത​മാ​നം​ ​കൂ​ടു​ത​ൽ . മു​ൻ​വ​ർ​ഷത്തെ മഴക്കൂടുതൽ​ ​19​ ​%..

........................................

ഒക്ടോബർ, നവംബർ മാസങ്ങൾ തുലാവർഷക്കാലമായത് കൊണ്ടുതന്നെ ചുഴലിയും ന്യൂനമർദ്ദങ്ങളും സ്വാഭാവികമാണ്. ഈ വർഷത്തെ കനത്ത മഴയ്ക്കും പ്രധാന കാരണങ്ങൾ ന്യൂനമർദ്ദം തന്നെയാണ്.

- ഡോ.സി.എസ്. ഗോപകുമാർ, കാലാവസ്ഥാ ഗവേഷകൻ

............................

''ബുധനും ശുക്രനും ഒരുമിച്ചാവുന്ന വർഷങ്ങളിൽ വർഷക്കാലത്ത് മഴ പെയ്യാത്ത ദിവസം കുറവാണ് എന്നാണ് മുൻകാല വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഈ വർഷം ജൂലായ് മുതൽ നവംബർ 7 വരെ ബുധനും ശുക്രനും തമ്മിലുളള വ്യത്യാസം 30 ഡിഗ്രിയ്ക്കകത്താണ്. അതുകൊണ്ടാണ് ഇടയ്ക്കിടെ ന്യൂനമർദ്ദം രൂപം കൊള്ളുന്നതും നല്ല മഴ കിട്ടുന്നതും. വരും വർഷങ്ങളിൽ 2024, 2027, 2028, 2032, 2035, 2040, 2043, 2048 വർഷങ്ങളിൽ ഇത്തരം പാറ്റേൺ കാണുന്നുണ്ട്. 2020, 2023 , 2036, 2044, 2050 വർഷങ്ങളിൽ ഇത് 20 ൽ താഴെ ദിവസങ്ങളിൽ മാത്രമാണ് കാണുന്നത്. ആ വർഷങ്ങളിൽ മഴ കുറവാകാനും വരൾച്ചയ്ക്കും സാദ്ധ്യതയുണ്ട്.

-ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട്, കാലാവസ്ഥാ ഗവേഷകൻ, അസി. പ്രൊഫസർ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കുട്ടനെല്ലൂർ ഗവ. കോളേജ്.