മാള: അന്നമനടയിൽ ആധുനിക സൗകര്യങ്ങളുമായി വില്ലേജ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. അന്നമനട പൊതു ഓഫീസ് എന്ന പേരിലാണ് സൗകര്യം ഒരുക്കിയത്. വില്ലേജ് ഓഫീസിന് പുറമെ കൂടുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസാണ് ആധുനിക സൗകര്യങ്ങളോടെ അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ഓഫീസ് മുറികളും ഫ്രണ്ട് ഓഫീസും ഡൈനിംഗ് ഹാളും രണ്ട് ശുചിമുറികളുമായാണ് വില്ലേജ് ഓഫീസ് ഒരുക്കിയിട്ടുള്ളത്. ഓഫീസ് ആവശ്യത്തിന് വരുന്നവർക്ക് ഇരുന്ന് വിശ്രമിക്കാനുള്ള ഇടവും സജ്ജമാക്കിയിട്ടുണ്ട്. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് അനുവദിച്ചിരുന്നത്.

എന്നാൽ 38.63 ലക്ഷം രൂപയ്ക്ക് ടെൻഡർ നൽകിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. അന്നമനട പഞ്ചായത്ത് ആയുർവേദ ആശുപത്രിയോട് ചേർന്നുള്ള 14 സെന്റ് സ്ഥലത്ത് വില്ലേജ് ഓഫീസിന് 1,750 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് നിലകൾ കൂടി നിർമ്മിക്കാവുന്ന ഉറപ്പിലാണ് അടിത്തറ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ആവശ്യമെങ്കിൽ കൂടുതൽ സർക്കാർ ഓഫീസുകൾ കൂടി ഈ സ്ഥലത്ത് നിർമ്മിക്കുന്നതിനുള്ള സാഹചര്യവും ഉണ്ട്. ഇതുകൂടി കണക്കിലെടുത്താണ് അന്നമനട പബ്ലിക് ഓഫീസ് എന്ന പേര് നൽകിയത്.