എരുമപ്പെട്ടി: കാർഷിക വിളവെടുപ്പിൽ വിജയഗാഥ തുടരുകയാണ് മുണ്ടത്തിക്കോട് ദേവീ വിലാസം എൽ.പി സ്കൂൾ. ഇത്തവണ ചേനയും പച്ചക്കറികളും കൃഷി ചെയ്താണ് നേട്ടം കൊയ്തത്. പാഠ്യ വിഷയത്തിൽ കൃഷിയും ഉൾപ്പെടുത്തി കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ കൃഷി സജീവമാക്കിയത്.
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. സ്കൂൾ അങ്കണത്തിൽ 30 സെന്റിൽ തയ്യാറാക്കിയിട്ടുള്ള കൃഷിയിടത്തിൽ ഇത്തവണ ചേനയാണ് കൂടുതൽ നട്ടിട്ടുള്ളത്. ഇതിന് പുറമെ തക്കാളി, വെണ്ട, പയർ, വാഴ, പച്ചമുളക് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. പ്രധാന അദ്ധ്യാപിക വി. സരസ്വതി, പി.ടി.എ പ്രസിഡന്റ് ചന്ദ്രദാസ്, വൈസ് പ്രസിഡന്റ്മാരായ സാഹിതൻ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും സ്കൂളിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവുമായി കൂടെയുണ്ട്.
മുണ്ടത്തിക്കോട് ദേവീ വിലാസം എൽ.പി സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും കൃഷിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തുന്നു.