മാള: അന്നമനട പഞ്ചായത്തിലെ കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു. പുതുക്കി നിർമ്മിച്ച കെട്ടിടത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്‌ഘാടനം 26 ന് നടക്കുമെന്ന് അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം നിർവഹിക്കും. അന്നമനടക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസ് തുറക്കുന്നത്. തകർന്നു വീഴാറായ വില്ലേജ് ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിലാണ് താത്കാലികമായി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് വില്ലേജ് ഓഫീസിനായി എം.എൽ.എ അനുവദിച്ചത്. ഈ സ്ഥലത്ത് കൂടുതൽ പൊതു ഓഫീസുകൾ കൊണ്ടുവരാനാണ് ശ്രമം. ഉദ്‌ഘാടനച്ചടങ്ങിൽ വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി വിശിഷ്ടാതിഥിയാകും. വാർത്താസമ്മേളനത്തിൽ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, വൈസ് പ്രസിഡന്റ് ടി.കെ ഗോപി, ഡെപ്യൂട്ടി തഹസിൽദാർ കെ.ഡി രാജൻ, വില്ലേജ് ഓഫീസർ എം. നിയാസ് എന്നിവരും പങ്കെടുത്തു...