തൃശൂർ : ക്ഷേത്ര വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. തിരി തെളിഞ്ഞിടത്താണോ കൃഷ്ണനിരിക്കുന്നതെന്ന ചോദ്യം സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. അധികാരത്തിലേറിയ അന്ന് മുതൽ ക്ഷേത്ര വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനമാണ് പിണറായി സർക്കാർ നടത്തുന്നത്. ശബരിമലയിലെ വിശ്വാസത്തെ തച്ചുതകർത്ത പിണറായി ഗുരുവായൂരിൽ നേരിട്ടെത്തിയാണ് വിശ്വാസികളെ വെല്ലുവിളിക്കുന്ന തരത്തിൽ പെരുമാറിയത്. ക്ഷേത്ര നഗരിയിൽ മുഖ്യമന്ത്രിക്കായി ആനകളെ എഴുന്നള്ളിച്ചത് വിശ്വാസങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ്. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കേണ്ട ദേവസ്വം ഭരണ സമിതി, തകർക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഒത്താശ നൽകുന്നത്. ക്ഷേത്ര വിശ്വാസത്തെ അപമാനിച്ച മുഖ്യമന്ത്രി ഭക്തജനങ്ങളോട് മാപ്പ് പറയണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.