പെരിങ്ങോട്ടുകര : സോമശേഖര ക്ഷേത്രത്തിന് സമീപം ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ്. വൈറ്റിലാശ്ശേരി ശാഖ പ്രമുഖ് തറയിൽ ശിവദാസന്റെ (ശിവൻ 47) വീടിന് നേരെ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. വീടിന്റെ ഉമ്മറത്തേക്ക് എറിഞ്ഞ ബോംബുകളിൽ ഒന്ന് വാതിലിൽ തട്ടി പൊട്ടിത്തെറിച്ചു. മറ്റ് രണ്ടെണ്ണം പൊട്ടാതെ സമീപത്ത് വീണ് കിടന്നു. ആക്രമണ സമയത്ത് ശിവദാസനും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടുണർന്ന വീട്ടുകാരും സമീപവാസികളും ഇടിമിന്നലാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ബോംബേറാണെന്ന് മനസിലായത്. ഉടൻ തന്നെ അന്തിക്കാട് പൊലീസിൽ വിവരമറിയിച്ചു. വാതിലിന് ചെറിയ കേടുപാടുണ്ടായി. എറിഞ്ഞതിൽ രണ്ട് നാടൻ ബോംബുകൾ പൊട്ടാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനോട് ചേർന്നുള്ള ഗോശാലയിലെ അഞ്ച് പശുക്കൾക്കും അപായമില്ല. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ മനോജ് കുമാർ, എസ്.ഐ കെ.ജെ. ജിനേഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ പൊട്ടാതെ കിടന്നിരുന്ന നാടൻബോബുകൾ നിർവീര്യമാക്കി. പൊട്ടിത്തെറിക്കാത്തവ ഉഗ്രപ്രഹര ശേഷിയുള്ളതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ രണ്ടുപേർ സംഭവസമയത്ത് സ്‌കൂട്ടറിൽ വരുന്നതും അല്പസമയത്തിന് ശേഷം അതിവേഗത്തിൽ തിരിച്ചുപോകുന്നതും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥത മൂലം ഇലക്ട്രീഷ്യനായിരുന്ന ശിവദാസൻ ഇപ്പോൾ പശുക്കളെ വളർത്തിയാണ് ഉപജീവനം നടത്തുന്നത്. കല്പനയാണ് ഭാര്യ. വിദ്യാർത്ഥികളായ സൂര്യജിത്ത്, സേതുജിത്ത് എന്നിവരാണ് മക്കൾ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ആർ.എസ്.എസ്. ജില്ലാ കാര്യവാഹക് കെ.വി. ലൗലേഷ്, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സേവ്യൻ പള്ളത്ത്, വൈസ് പ്രസിഡന്റ് അരുണഗിരി, ജനറൽ സെക്രട്ടറി ഇ.പി. ഹരീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.