ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷേത്രനടയിൽ ആനകളുടെ അകമ്പടിയിൽ എതിരേറ്റതിൽ പ്രതിഷേധം വ്യാപകം. ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റുന്ന ഗജരത്‌നം പത്മനാഭൻ, കൊമ്പൻ വലിയകേശവൻ, കൊമ്പൻ ഇന്ദ്രസെൻ എന്നീ ആനകളാണ് നെറ്റിപ്പട്ടം അണിഞ്ഞ് മുഖ്യമന്ത്രിക്ക് അകമ്പടിയായത്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്ന് ശിലാസ്ഥാപന വേദിയായ മേല്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് മുഖ്യമന്ത്രിയെ സ്വീകരിച്ച് ആനയിക്കുന്നതിന് തെക്കേനടപ്പുരയിൽ നിന്നാണ് ആനകൾ അകമ്പടി സേവിച്ചത്. ഗജരത്‌നം പത്മനാഭനെ നിലവിൽ മറ്റു ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്ക് പോലും അയക്കാറില്ല. ഗജരത്‌നം പത്മനാഭനെ എഴുന്നള്ളിച്ചതിൽ ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാല കൃഷ്ണൻ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ പ്രീണിപ്പിച്ച് തന്റെ ചെയർമാൻ കാലാവധി നീട്ടിക്കിട്ടാനാണ് തലയെടുപ്പുള്ള ആനകളെ നിർത്തി വരവേൽപ്പു നടത്തിയതെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മറ്റി ആരോപിച്ചു. ദേവസ്വം ചെയർമാൻ മാപ്പു പറയണമെന്ന് ഐക്യവേദി അടിയന്തര യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി അദ്ധ്യക്ഷനായി.
മുഖ്യമന്ത്രിയെ എതിരേൽക്കാൻ ഗുരുവായൂരപ്പന്റെ ആനകളെ നിയോഗിച്ചതും ആദ്ധ്യാത്മിക ചടങ്ങുകൾക്കുള്ള മേൽപ്പത്തൂർ ആഡിറ്റോറിയം പൊലീസിന്റെ പരിപാടികൾക്ക് നൽകിയതും ധിക്കാരമായെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ആരോപിച്ചു. വിശ്വാസികൾ പരിപാവനമായി കാണുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനച്ചടങ്ങ് നടത്തിയതിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് കെ.എസ്. പവിത്രൻ അദ്ധ്യക്ഷനായി...