കാമറകളുടെ സ്വിച്ച് ഓൺ കർമ്മം നടന്നു

കൊടുങ്ങല്ലൂർ: നഗരം കാമറ നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കാമറകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ നിർവഹിച്ചു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റിംഗ് റോഡിൽ വിവിധ ഭാഗങ്ങളിലായി 17 കാമറകളാണ് സജ്ജമാക്കിയത്. നഗരം രാത്രിയിലും പകലും കാമറയുടെ നിരീക്ഷണത്തിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഇവ രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നതും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ സുതാര്യമായി റെക്കാഡ് ചെയ്യുന്നവയുമാണ്. ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ഇവയുടെ സാങ്കേതിക നിയന്ത്രണവും തത്സമയ ദൃശ്യങ്ങളും പൊലീസ് കൺട്രോൾ റൂമിലേയ്ക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.

കരാറുകാരനായ ബാലു ചുങ്കത്തിന്റെ സ്‌പോൺസർഷിപ്പിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിൽ മികവ് സ്വന്തമാക്കിയിട്ടുള്ള ഡി സെക്യൂർ സെക്യൂരിറ്റി സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് ഇവ സ്ഥാപിച്ചത്. ഏഴ് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് ചെലവ് വന്നിട്ടുള്ളത്. കേടുവന്നാൽ അറ്റകുറ്റപ്പണി നടത്തുന്നതിന് ഓരോ വർഷവും ആ ഇനത്തിൽ ഒരു ലക്ഷം രൂപ വീതം കമ്പനിയിൽ അടച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയുള്ള ദൃശ്യങ്ങൾ റെക്കാഡ് ചെയ്യപ്പെട്ടത് ആവശ്യമെങ്കിൽ പരിശോധിക്കുവാനുമാകും. വടക്കെ നടയിലെ ക്ലോക്ക് ടവറിന് സമീപം നടന്ന സ്വിച്ച് ഓൺ ചടങ്ങിൽ പി.എൻ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ് കൈസാബ്, വി.ജി ഉണ്ണിക്കൃഷ്ണൻ, പൊലീസ് സബ് ഇൻസ്‌പെക്ടർ ബിജു, വാർഡ് കൗൺസിലർ ബിന്ദു പ്രദീപ്, പി.ഒ ദേവസി, വി.ആർ പ്രേമൻ, അഡ്വ. പി.ഡി വിശ്വംഭരൻ, എം.ജി പ്രശാന്ത് ലാൽ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.കെ രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ബാലു ചുങ്കത്തിനെ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ആദരിച്ചു.