കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ വീൽച്ചെയർ അവതാരകയാകാനുള്ള തയ്യാറെടുപ്പിലാണ് കൊടുങ്ങല്ലൂർ സ്വദേശിനി വീണ വേണുഗോപാൽ. വീൽച്ചെയറിലായെങ്കിലും മനസിനെ തളരാൻ അനുവദിക്കാതെ ദുർവ്വിധിയെ അതിജീവിക്കാൻ പൊരുതുന്ന വീണയ്ക്ക് ഗുഡ്‌നസ് ടി.വിയിലും ഒരു ഓൺലൈൻ ചാനലിലും അവതാരകയാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആനാപ്പുഴ നൊട്ടന്റെ പറമ്പിൽ വേണുഗോപാലിന്റെയും സജീവിനിയുടെയും മകളാണ് വീണ.

ബിരുദാനന്തര ബിരുദം നേടിയ വീണയ്ക്ക് 24ാം വയസിലാണ് വീൽച്ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായത്. പഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അത്. പിച്ചവെച്ച നാൾ മുതൽ ഇടയ്ക്കിടെ ചുവട് പിഴച്ച് വീഴുമായിരുന്നു. സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന ജനിതക സംബന്ധമായ അസുഖം ജന്മനാൽ വീണയിലുണ്ടായിരുന്നു. ചികിത്സയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കാലുകൾക്ക് തളർച്ച സംഭവിച്ചത്. രണ്ട് വർഷം മുമ്പായിരുന്നു ഇത്. അതോടെ വീൽച്ചെയറിനെ ആശ്രയിക്കേണ്ടി വന്നു. രോഗം തന്റെ കാലുകളെ തളർത്തിയെങ്കിലും മനസിനെ തളർത്താനനുവദിച്ചു കൂടെന്ന നിശ്ചയ ദാർഢ്യമാണ് ഒരു അവതാരകയെന്ന നിലയിലേക്ക് പാകപ്പെടാൻ തനിക്ക് പ്രേരണയായതെന്നാണ് വീണയുടെ പക്ഷം. മാതാപിതാക്കളുടെ ഉറച്ച പിന്തുണയും മൈൻഡ് എന്ന കൂട്ടായ്മയും തന്റെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും വലിയ കരുത്തായിയെന്നും വീണ വ്യക്തമാക്കുന്നു. വീണയെപ്പോലെ വീൽച്ചെയറിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ കൂട്ടായ്മയാണ് മൈൻഡ്.