തൃശൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനം 27, 28, 29 തീയതികളിൽ ചാലക്കുടിയിൽ നടക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈകീട്ട് ചാലക്കുടി, കൊടകര, മാള, ഇരിങ്ങാലക്കുട ഏരിയകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന റാലി ചാലക്കുടി വടക്കെ സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർ പ്രസംഗിക്കും.
28ന് രാവിലെ ഒമ്പതിന് ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനാകും. ഇന്ന് രാവിലെ ഒമ്പതിന് കൊടിമര ജാഥ പുല്ലൂർ പി.പി. ദേവസി സ്മൃതി മണ്ഡപത്തിൽ നിന്നും ഉച്ചയ്ക്ക് രണ്ടിന് ആമ്പല്ലൂർ എം.എ. കാർത്തികേയൻ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും കാഞ്ഞിരപ്പിള്ളി കെ.ആർ. വത്സൻ രക്തസാക്ഷിത്വ മണ്ഡപത്തിൽ നിന്ന് ദീപശിഖ റാലിയും ആരംഭിക്കും.
പതാക ജാഥ എം.എം. വർഗീസും കൊടിമര ജാഥ യു.പി. ജോസഫും ദീപശിഖ റാലി ബി.ഡി. ദേവസി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് 385 പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ, പി.കെ. ഷാജൻ, പി.എം. ശ്രീധരൻ എന്നിവർ പങ്കെടുത്തു.