ക്വാളിറ്റി കൺട്രോളറുടെയും പാഡി ഓഫീസരുടെയും റിപ്പോർട്ടുകൾ പരസ്പര വിരുദ്ധം
തൃശൂർ: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മട്ടയിൽ ഗുണനിലവാരം കുറഞ്ഞ അരി കലർത്തി വിൽപ്പന നടത്തുന്നത് വ്യാപകം. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് ആരോപണം ഉയരുന്നു. എന്നാൽ ഗുണനിലവാരം സംബന്ധിച്ച് സിവിൽ സപ്‌ളൈസ് വിഭാഗത്തിന്റെ വിരുദ്ധ റിപ്പോർട്ടുകൾ വകുപ്പിന് തലവേദനയാകുന്നു.
തൃശൂർ താലൂക്കിൽ കഴിഞ്ഞ മേയിൽ വിതരണത്തിന് എത്തിയ മട്ടയിലാണ് മോശം അരി കലർന്നത് കണ്ടെത്തിയത്. ക്വാളിറ്റി കൺട്രോളർ നടത്തിയ പരിശോധനയിൽ വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയ അരി പിന്നീട് പാഡി ഓഫീസർ വിതരണ യോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകളിൽ നിന്നും 770 ചാക്ക് അരിയും ഗോഡൗണിലുണ്ടായ 5000 ചാക്ക് അരിയും വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചിട്ടുണ്ട്.
സബ്‌സിഡി ഇനത്തിൽ ഭീമമായ സംഖ്യ ചെലവിട്ട് ഗുണനിലവാരമുള്ള നെല്ല് കർഷകരിൽ നിന്നും സംഭരിച്ച് മില്ലുകൾക്ക് നൽകുകയും തിരിച്ച് ഗുണനിലവാരം കുറഞ്ഞ ഇതര സംസ്ഥാന നെല്ലിൽ നിന്നുള്ള അരിയും റേഷൻ അരിയും കലർത്തിയാണ് റേഷൻ കടകളിൽ എത്തിക്കുന്നത്. ഇതിന് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് ആരോപണം.
നേരത്തെ മില്ലിൽ നെല്ല് അരിയാക്കുന്നതിന് മുമ്പും ശേഷവും കർശന പരിശോധന ആവശ്യമാണ്. ഇത് നടക്കാത്തതാണ് വിവിധ നെല്ലുകൾ കൂടി കലരാൻ കാരണം. ഗുണനിലവാരം പരിശോധിക്കേണ്ടത് ക്വാളിറ്റി കൺട്രോളറാണ്. ക്വാളിറ്റി കൺട്രോളർ നൽകിയ റിപ്പോർട്ട് അന്തിമ തീരുമാനം ആയിരിക്കെ ഇക്കാര്യത്തിൽ ദുരൂഹത വർദ്ധിക്കുന്നു.
പാഡ് ഓഫീസറുടെ റിപ്പോർട്ട്
മട്ടയിൽ സ്വർണ, മഹാമായ, പെൻമണി ഇനം നെല്ലുകൾ കലർന്നതാണ് ആക്ഷേപത്തിന് ഇടയാക്കിയതെന്നാണ് പാഡി ഓഫീസറുടെ കണ്ടെത്തൽ. ഇത് അരി വിതരണത്തിൽ പരാതി വന്നതിന്റെ അടിസ്ഥാനത്തിൽേെ സപ്ലൈകോ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാഡി ഓഫീസറുടെ റിപ്പോർട്ട് വന്നത്. ഈ നെല്ലുകൾ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചെർപ്പുളശേരി, ഓങ്ങല്ലൂർ, മങ്കര, മുതലമട, എരിമയൂർ പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും സംഭരിക്കുന്നതാണെന്നാണ് പറയുന്നത്. ഇവ അരിയാക്കുമ്പാൾ കലർന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്
എന്നാൽ കുരിയച്ചിറ വെയർ ഹൗസ് ഗോഡൗണിൽ എത്തിയ അരി പരിശോധിച്ച ക്വാളിറ്റി കൺട്രോളർ നൽകിയ റിപ്പോർട്ട് ഇതിന് നേരെ വിപരീതമാണ്. 219, 223, 252, 253 ബാച്ചുകളിൽ പെട്ട വെള്ളഅരി മട്ട വിഭാഗത്തിൽപെട്ടതല്ലെന്നും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇത് വിതരണ യോഗ്യമല്ലെന്നും മാറ്റിത്തരണമെന്നും മില്ലുകാരോട് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.
വിജിലൻസ് അന്വേഷണം വേണം
മോശം അരി കലർത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം അനുകൂല സംഘടന മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുക്കുന്നത്. തൃശൂർ അടക്കം എട്ട് ജില്ലകളിൽ വ്യാപകമായ തോതിൽ മായം ചേർത്തിയാണ് മട്ട അരി വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ് കെ. ചന്ദ്രൻപിള്ളയും ജനറൽ സെക്രട്ടറി ഡാനിയേൽ ജോർജ്ജും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.