തൃശൂർ: ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ 13-ാം സൈൻസ് ചലച്ചിത്ര മേളയ്ക്ക് ഇന്ന് കേരള സാഹിത്യ അക്കാഡമിയിൽ തിരിതെളിയും. രണ്ട് വേദികളിലായി അഞ്ച് ദിവസം നടക്കുന്ന മേളയിൽ 150ഓളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. ജോൺ എബ്രഹാം പുരസ്‌കാരത്തിനായുള്ള മത്സരവിഭാഗത്തിൽ 45 സിനിമകളും ഫോക്കസ് വിഭാഗത്തിൽ 48 സിനിമകളും പ്രദർശിപ്പിക്കും.

പാരീസിൽ നിന്നും എത്‌നോഗ്ര ഫിലിം പാക്കേജും സുപ്രിയോ സെൻ റിട്രോ എന്നിവയും ഉണ്ടാകും. സംഗമങ്ങളും സങ്കരങ്ങളും എന്ന ഫെസ്റ്റിവൽ പ്രമേയത്തെ മുൻനിറുത്തിയുള്ള പി.എസ്.ബി.ടി പാക്കേജിൽ ഇന്ത്യൻ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ബഹുസ്വരത പ്രതിപാദിക്കുന്ന വിവിധ ഭാഷകളിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആദരാഞ്ജലി വിഭാഗത്തിൽ മൃണാൾസെൻ, ഗിരീഷ് കർണാട്, ആഗ്‌നസ് വർദ, വിജയ മുലെ, എം.ജെ. രാധാകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.

മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വ സിനിമയ്ക്കും ജോൺ എബ്രഹാമിന്റെ പേരിൽ 50,000 രൂപ വീതവും സി.എൻ കരുണാകരൻ രൂപകല്പന ചെയ്ത ശിൽപ്പവും നൽകും. ഏറ്റവും മികച്ച പരീക്ഷണ സിനിമയ്ക്ക് 25,000 രൂപയും മികച്ച മലയാള ഡോക്യുമെന്ററിക്കും ഹ്രസ്വ സിനിമയ്ക്കും 10, 000 രൂപ വീതവും നൽകും. മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് സുപ്രിയോ സെൻ നിർവഹിക്കും. പത്രസമ്മേളനത്തിൽ ഡോ. സി.എസ്. വെങ്കിടേശ്വരൻ, കെ.ജി മോഹൻകുമാർ, ചെറിയാൻ ജോസഫ്, കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.