തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് പ്രത്യേകമായി ഇനി ഹോട്ടലുണ്ടാകില്ല. ഇപ്പോഴുള്ള വെജിറ്റേറിയൻ ഹോട്ടലിന്റെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും കുറച്ചുനാൾ നീട്ടിനൽകുകയായിരുന്നു. പകരം ഐ.ആർ.സി.ടി.സിയുടെ നേതൃത്വത്തിൽ സസ്യ, സസ്യേതര ഭക്ഷണം ഒരുക്കുന്നതിനുള്ള ബേസ് കിച്ചൺ ആരംഭിക്കാനുള്ള ദർഘാസ് നടപടികൾ തുടങ്ങി.
ഇപ്പോഴത്തെ വെജിറ്റേറിയൻ ഹോട്ടലിന്റെ ഭൂരിഭാഗം സ്ഥലത്തും ബേസ് കിച്ചൺ ആരംഭിക്കുന്നതിന് എടുക്കും. ഇവിടെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം പാചകം ചെയ്ത് പായ്ക്ക് ചെയ്ത് ട്രെയിനുകളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. വലിയ അടുക്കള വരുന്നതോടെ നിലവിലുള്ള വെജിറ്റേറിയൻ ഹോട്ടലിന്റെ ഭൂരിഭാഗം സ്ഥലവും വേണ്ടിവരും. ഇതോടെ ഇരിപ്പിടങ്ങൾ തന്നെ കുറയും. പിന്നെ പേരിനുമാത്രമാകും സീറ്റുകളുണ്ടാകുക.
തീരുമാനം തിരിച്ചടി
ഗുരുവായൂർ, ശബരിമല ഭക്തരായ നിരവധി പേരെത്തുന്ന തൃശൂർ റെയിൽവേ സ്റ്റേഷന് വെജിറ്റേറിയൻ ഹോട്ടൽ ഇല്ലാതാകുന്നത് തിരിച്ചടിയാകും. ഒരു അടുക്കളയിൽ തന്നെ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും പാചകം ചെയ്യുന്നതോടെ വെജിറ്റേറിയൻ ഹോട്ടൽ എന്ന സാഹചര്യം ഇല്ലാതാകും.