തൃശൂർ: നഗരത്തിലെ പട്ടാളം റോഡ്, ശക്തൻ നഗർ പ്രദേശങ്ങൾ ഒക്‌ടോബർ 15 മുതൽ വഴിയോര കച്ചവട നിരോധിത മേഖലയാക്കുമെന്ന് കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി പത്രസമ്മേളനത്തിൽ പറഞ്ഞു. ഒഴിപ്പിക്കുന്ന കച്ചവടക്കാർക്ക് പുനരധിവാസത്തിനുള്ള നടപടികളും പൂർത്തിയായി. 2019 ജൂലായ് എട്ടിലെ കൗൺസിൽ തീരുമാനപ്രകാരമാണ് നിരോധന ഉത്തരവ് നടപ്പിലാക്കുന്നത്.
കോർപറേഷനിലെ പട്ടാളം റോഡ് മുതൽ ശക്തൻ സ്റ്റാൻഡ് വരെയും മീൻ മാർക്കറ്റ് പരിസരം, മനോരമ ജംഗ്ഷൻ മുതൽ രാമൻചിറ റോഡ് വരെയുമാണ് വഴിയോര കച്ചവടം നിരോധിച്ചത്. ഒഴിപ്പിക്കുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും. 2013 മാർച്ച് ഏഴിലെ കൗൺസിൽ തീരുമാനപ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയും ഡിജിറ്റൽ സർവ്വേ ഉൾപ്പെടെ വിവിധ സർവ്വേകൾ നടത്തി തയ്യാറാക്കിയ പട്ടികയും പരിഗണിച്ച് 404 പേരെ പുനരധവസിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള സൗകര്യങ്ങൾ ശക്തൻ നഗറിലെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
വെള്ളം, വൈദ്യുതി തുടങ്ങിയവയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യവും ഉൾപ്പെടെയാണ് പുനരധിവാസം ഒരുക്കിയിട്ടുള്ളത്. പുനരധിവസിപ്പിക്കാനുള്ള 404 കച്ചവടക്കാരിൽ 249 പേർ താത്കാലിക ഐ.ഡി കാർഡ് കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 185 പേരുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ കഴിഞ്ഞിട്ടുണ്ട്. പുതിയ സ്ഥലത്ത് പൊതുജനങ്ങൾ ധാരാളമായി എത്തുമ്പോഴുണ്ടാകുന്ന ഗതാഗതപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സമീപത്തെ കോർപറേഷൻ സ്ഥലത്ത് പാർക്കിംഗിന് സൗകര്യമേർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
നിരോധിത മേഖലയിൽ വഴിയോര കച്ചവടം തടയുന്നതിനായി കോർപറേഷൻ സെക്യൂരിറ്റി ജീവനക്കാരെ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായവും തേടനാണ് കോർപറേഷന്റെ തീരുമാനം.