തൃശൂർ: കേസുകൾ തീർപ്പാക്കുമ്പോൾ കക്ഷികൾ ഹാജരാകാത്ത സംഭവങ്ങളുണ്ടെന്നും ഇത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി എന്നിവർ മെഗാ അദാലത്തിൽ വ്യക്തമാക്കി. 77 കേസുകളാണ് പരിഗണിച്ചത്. 36 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ റിപ്പോർട്ട് തേടാനും ഒരു കേസ് ഡി.എൻ.എ പരിശോധനയ്ക്കു ശേഷം പരിഗണിക്കുമെന്നും ഒരു കേസ് പരിശോധിക്കുമെന്നും അംഗങ്ങൾ അറിയിച്ചു.
ചാലക്കുടിയിൽ 92 വയസ്സുള്ള മാതാവിനെ ഉപദ്രവിച്ച് വീടും സ്വത്തും തട്ടിയെടുത്ത് ചെലവിനു നൽകാതിരിക്കുന്ന മകനെതിരെ വനിതാകമ്മിഷൻ നടപടിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ചാലക്കുടി എസ്.എച്ച്.ഒ: റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
മൂന്ന് ആൺമക്കളിൽ ഇളയവനായ മകനോടൊപ്പമാണ് വൃദ്ധ കഴിഞ്ഞുവന്നിരുന്നത്. എന്നാൽ കാലങ്ങളായി സ്വത്തിന്റെയും സ്വത്തു വകകളുടെയും പേരിൽ മകൻ നിരന്തരം ഉപദ്രവിക്കുകയും ചെലവിനു നൽകാതിരിക്കുകയും ചെയ്തുവെന്നാണ് മാതാവിന്റെ പരാതി. സ്വന്തം പേരിലുള്ള വീടും പറമ്പും എഴുതിവാങ്ങി തട്ടിയെടുത്തുവെന്നും മാതാവ് പരാതിപ്പെട്ടു.
കുന്നംകുളം വിവേകാനന്ദ കോളേജിൽ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ നടന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ ഭാഗമായി എസ്.എഫ്‌.ഐ വനിതാ നേതാവിനെ മർദിച്ചെന്ന കേസ് കോടതി പരിഗണനയിലേക്ക് കൈമാറാനും നിർദേശിച്ചു. വനിതാ കമ്മിഷൻ എസ്.ഐ: എൽ. രമയും അദാലത്തിൽ പങ്കെടുത്തു. അടുത്ത സിറ്റിംഗ് ഒക്‌ടോബർ 16 ന് നടക്കും.