കൊടകര: ഓണത്തിന് മുൻപേ ഞാറിനുള്ള വിത്തിടുകയും ഓണത്തിന് ശേഷം കൃഷിയിറക്കുകയും ചെയ്യുന്ന പാടശേഖരത്തിലെ കൃഷിയിറക്കൽ വൈകിയത് കർഷകർക്ക് വിനയാകുന്നു. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിത്താണ് മുണ്ടകൻ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ കൃഷിഭവനിൽ നിന്നും വിത്ത് ലഭിക്കാത്തതിനാൽ മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തിൽ മുണ്ടകൻ കൃഷിയിറക്കാനായിട്ടില്ല.
ഒമ്പത് ഏക്കറോളം വിരിപ്പ് കൃഷിയിറക്കിയത് ഒഴിച്ചാൽ ബാക്കിയുള്ള മൂന്ന് പടവുകളിലെ 30 ഏക്കറിലാണ് ഇക്കുറി മുണ്ടകൻ കൃഷിയിറക്കാൻ ഒരുങ്ങുന്നത്. കർഷകർക്ക് ആവശ്യമുള്ള വിത്ത് കൃഷിഭവൻ വഴി ലഭിക്കില്ലെന്നും പാടശേഖര സമിതി നേരിട്ട് ശേഖരിക്കണമെന്നും അധികൃതർ പറയുന്നു. മറ്റത്തൂർ ബ്രാഞ്ച് കനാലിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. എന്നാൽ കൃഷി വൈകിയാൽ വേനലിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. വെള്ളത്തിന്റെ ലഭ്യതയും മറ്റ് തടസങ്ങൾ നീങ്ങുന്നതും മൂലം കൃഷിയിറക്കാൻ ഒരു മാസത്തോളം വേണ്ടിവരും.
നിരുത്സാഹപ്പെടുത്തുന്നു
പാടശേഖരത്തിന് സ്വന്തമായുള്ള പഴക്കം ചെന്ന ട്രില്ലർ മാറ്റി കൃഷിഭവനിൽ സൂക്ഷിച്ചിട്ടുള്ള രണ്ട് ട്രില്ലറുകളിൽ ഒരെണ്ണം കൃഷിക്കായി വിട്ടു തരണം. ട്രില്ലറിന് 300 രൂപ നിത്യവാടക നൽകണമെന്ന അധികൃതരുടെ ശാഠ്യം കൃഷിയെ നിരുത്സാഹപ്പെടുത്തുന്നതാണ്.
-ശിവരാമൻ പോതിയിൽ, കർഷകൻ, മറ്റത്തൂർ പഞ്ചായത്ത് അംഗം