കാഞ്ഞാണി: ഇന്ന് മുതൽ തുടങ്ങാനിരുന്ന തൃശൂർ കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയറുമായി ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വച്ചതെന്ന് തൃശൂർ കാഞ്ഞാണി ബസ് ഓപറേറ്റേഴ്‌സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതും തുടർന്നുള്ള പ്രദേശങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. മഴയ്ക്ക് ശേഷം തൃശൂർ വാടാനപ്പള്ളി റോഡിൽ പൂർണമായ രീതിയിൽ പണികൾ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.

ഉറപ്പുകൾ ലംഘിച്ചാൽ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയൻ പ്രസിഡന്റ് അബ്ദുൾ കരീം, ജനറൽ സെക്രട്ടറി സി.ഡി. ജോസഫ് എന്നിവർ മുന്നറിയിപ്പ് നൽകി. തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കി. ബസ് ഉടമകൾ ഒരാഴ്ച മുൻപേ കളക്ടർക്ക് നോട്ടീസ് നൽകിയിരുന്നു.

തൃശൂരിലെ ഗതാഗതക്കുരുക്കും റൂട്ടിലെ തകർന്ന റോഡും മൂലം ബസ് ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ് ബസ് ഉടമകൾ പറഞ്ഞു.