ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സത്രം വളപ്പിലെ സർപ്പക്കാവിൽ നാഗപൂജ തൊഴാൻ ഭക്തജനതിരക്ക്. ആയില്യം ദിവസമായ ഇന്നലെ സന്ധ്യയ്ക്ക് വിശേഷാൽ നാഗപൂജ തൊഴാൻ നൂറ് കണക്കിന് ഭക്തർ എത്തി. ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയാണ് ആയില്യം ഉത്സവം സംഘടിപ്പിച്ചത്. രാവിലെ കലാമണ്ഡലം അനന്തകൃഷ്ണൻ, കലാമണ്ഡലം കമൽനാഥ് എന്നിവരുടെ കേളിയോടെയാണ് തുടങ്ങിയത്. സർപ്പക്കാവും പരിസരവും ദീപവിതാനങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. സർപ്പക്കാവിലെ നാഗപ്രതിഷ്ഠകളിൽ മഞ്ഞൾ, കുങ്കുമം അഭിഷേകം ചെയ്ത് നാഗപ്രീതി വരുത്തി. പാതിരാകുന്നത്ത് കുളപുറം മന നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമികനായി. ഗുരുവായൂർ ജയപ്രകാശ്, ഗുരുവായൂർ വിമൽ, ജ്യോതിദാസ് കൂടത്തിങ്കൽ എന്നിവരുടെ ത്രിമ്പിൾ തായമ്പക, ശ്രീകൃഷ്ണപുരം ലക്ഷ്മികുട്ടിയും സംഘവും അവതരിപ്പിച്ച പുള്ളുവൻപാട്ട്, ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരി, വടക്കേപ്പാട്ട് പ്രദീപിന്റെ അഷ്ടപദി, ബ്രാഹ്മണമഠം കലാസംഘത്തിന്റെ ഭജന എന്നിവയുണ്ടായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രൻ, എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംബന്ധിച്ചു.