തൃശൂർ: തൃശൂരിൻ്റെ മുഖച്ഛായ മാറ്റുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ വികസന പദ്ധതികൾ ഇഴഞ്ഞ് നീങ്ങുമ്പോൾ, ഒരു തരി പോലും ടാറില്ലാത്ത നഗരത്തിലെ വൻകുഴികളിൽ വീണ് നട്ടം തിരിയുകയാണ് യാത്രക്കാർ. ദിവാൻജിമൂല മേൽപ്പാലത്തിന്റെയും എം.ഒ റോഡ് സബ്‌വേയുടെയും നിർമ്മാണം എം.ഒ റോഡ് - പട്ടാളം റോഡ് വികസനം എന്നിവയെല്ലാം പാതിവഴിയിലാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയാണ് റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് ധാരണയുണ്ടാക്കിയത്. ആറ് കോടി രൂപ മേൽപ്പാല നിർമ്മാണത്തിന് കെട്ടിവച്ചു. റെയിൽവേ പച്ചക്കൊടി കാണിക്കാൻ വെൈകിയതോടെ നിർമ്മാണം ഇഴഞ്ഞു. ഒടുവിൽ റെയിൽപ്പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കുന്നതും മറ്റും റെയിൽവേ പൂർത്തീകരിച്ചു. റെയിൽവേയുടെ നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് അപ്രോച്ച് റോഡിനായി കോർപറേഷൻ സ്ഥലമേറ്റെടുക്കാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ വീണ്ടും നടപടികൾ വൈകി. ഗതാഗതക്കുരുക്ക് രൂക്ഷമായി. റെയിൽവേ നിർമ്മാണം പൂർത്തിയാക്കി ഒരു വർഷത്തിലേറെയായിട്ടും അപ്രോച്ച് റോഡ് വഴിയിൽ കിടന്നു. കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാകുമെന്നായിരുന്നു കോർപറേഷൻ്റെ വാഗ്ദാനം. എന്നാൽ ഇപ്പോഴും തട്ടിത്തടയുകയാണ് നിർമ്മാണ പ്രവർത്തനം. സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞെങ്കിലും മണ്ണിന് ബലക്കുറവുണ്ടെന്ന റിപ്പോർട്ട് വന്നതോടെ പദ്ധതി വീണ്ടും മുടങ്ങി. ദിവാൻജി മൂലയിൽ നിന്നുള്ള അപ്രോച്ച് റോഡ് പാതി പൂർത്തിയായെങ്കിലും പാസ്‌പോർട്ട് ഓഫീസിന് മുന്നിലെ റോഡ് നിർമ്മാണം പകുതി പോലുമായില്ല. അതേസമയം, എം.ഒ റോഡിലെ സബ്‌വേ തുറക്കാത്തതും കാൽനട യാത്രക്കാരെ വലയ്ക്കുന്നുണ്ട്. എം.ഒ റോഡ് - പട്ടാളം റോഡ് വികസനത്തിന് തടസമായിരുന്ന പോസ്റ്റ് ഓഫീസ് പൊളിച്ചു നീക്കിയെങ്കിലും വികസനം എവിടെയുമെത്തിയില്ല.

............................

# മേൽപ്പാലം പാതിവഴിയിലായതോടെ ഗതാഗത തടസം രൂക്ഷം

# വഴിയിൽ കിടക്കുന്നത് വടക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂരവാഹനങ്ങൾ

# കുരുക്ക് കൂട്ടുന്നത് കുഴികളും പാതിവഴിയിലായ റോഡ് നിർമ്മാണവും

# അപകടങ്ങൾക്ക് വഴിയൊരുക്കി അശാസ്ത്രീയമായ നിർമ്മാണം

# റോഡിലെ കുഴികളിൽ വീണ് പരിക്കേറ്റവരിൽ മൂന്ന് സൈക്ലിംഗ് താരങ്ങളും

............................

ഭയന്ന് ഇരുചക്രയാത്രികർ

ബൈക്ക് യാത്രക്കാർക്ക് മാത്രമല്ല, സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാരുമെല്ലാം നഗരത്തിലെ യാത്രയെന്ന് കേൾക്കുമ്പോൾ ഭീതിയിലാണ്. തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സമീക്ഷയും അതുല്യയും അക്ഷയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കുഴിയിൽ വീണ് പരിക്കേറ്റ സൈക്ലിംഗ് താരങ്ങൾ. മുഖത്തും ഇടുപ്പിനും പരിക്കേറ്റ സമീക്ഷയും അക്ഷയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

''റോഡുകളിൽ താത്കാലികമായി കുഴിയടയ്ക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ റോഡുകളും ഉടൻ കുഴിയടയച്ച് ഗതാഗതയോഗ്യമാക്കും ''

അജിത വിജയൻ, മേയർ, തൃശൂർ കോർപറേഷൻ