കൊടുങ്ങല്ലൂർ: നഗരത്തിലെ വടക്കെ നടയിൽ പാതയോരത്തെ അനധികൃത പാർക്കിംഗ് നിരോധനം നിലവിൽ വന്നു. സ്റ്റേറ്റ് ബാങ്ക് മുതൽ കോടതി പരിസരത്തു നിന്ന് വടക്കോട്ട് കൽപ്പക റോഡ് വരെ റോഡിന്റെ കിഴക്ക് ഭാഗത്തും ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുതൽ വടക്കോട്ട് വില്ലേജ് ഓഫീസ് വരെ പടിഞ്ഞാറ് ഭാഗത്തും എന്ന നിലയിലാണ് വാഹനങ്ങളുടെ പാർക്കിംഗ് നിരോധനം പ്രാബല്യത്തിലായത്. ഇത് കർശനമായി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസിന്റെ സാന്നിദ്ധ്യവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

ഇന്നലെ സി.ഐ: പത്മരാജൻ തന്നെ ഇതിന് നേതൃത്വം നൽകി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് തിരക്കേറിയ വടക്കെ നടയിൽ റോഡരികിലെ പാർക്കിംഗ് നിരോധിക്കാൻ ആദ്യം തീരുമാനിച്ചത്. വടക്കെ നടയിലെ ഓട്ടോ- ടാക്സി സ്റ്റാൻഡുകൾ നിലനിറുത്തിക്കൊണ്ടാണ് ഇത് നടപ്പിൽ വരുത്തിയിട്ടുള്ളത്. കെ.ആർ ബേക്‌സിന് പിറകിലെ സ്വകാര്യ വസ്തുവിൽ പുതുതായി പേ ആൻഡ് പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയും, താലൂക്ക് ആശുപത്രി വക സ്ഥലത്ത് നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഒരുക്കിയാണ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരാണ് സ്വകാര്യ വസ്തുവിൽ പാർക്കിംഗ് ഫീസ് നൽകി വാഹനം പാർക്ക് ചെയ്യുന്നതെങ്കിൽ ഈ ഫീസ് വഹിക്കാൻ വടക്കെ നടയിലെ വ്യാപാരികൾ തമ്മിൽ ധാരണയായിട്ടുണ്ട്. നഗരത്തിലെ വർദ്ധിക്കുന്ന തിരക്കും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്താണ് പരിഷ്കാരം വരുത്തിയത്.

പാർക്കിംഗ് നിരോധനം ഇന്നലെ വലിയ വിജയമായിരുന്നു. അതേ സമയം ഇത് വടക്കേ നടയിലെ വ്യാപാര സ്ഥാപനങ്ങളെ എങ്ങിനെ ബാധിച്ചു എന്നത് ഇനിയും അറിയാനിരിക്കുന്നതേ ഉള്ളു. പാർക്കിംഗ് പരിഷ്കാരത്തിൽ ഒരു വിഭാഗം വ്യാപാരികൾക്ക് ആശങ്കയുണ്ട്. വാഹന പാർക്കിംഗ് മാറ്റുന്നതിലൂടെ തങ്ങളുടെ കച്ചവടത്തെ ബാധിക്കുമൊ എന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.