കൊടുങ്ങല്ലൂർ: നാഷണൽ ഹൈവേയുടെ അറ്റകുറ്റപ്പണിയും പുനർ നിർമ്മാണവും കൃത്യമായി നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് സായാഹ്ന ധർണ സംഘടിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവന് വില കൽപ്പിക്കാതെ ദേശീയ ഹൈവേയുടെ അറ്റകുറ്റപ്പണികളും പുനർ നിർമ്മാണവും കൃത്യമായി നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് സായാഹ്ന ധർണയെന്ന് ഉദ്ഘാടനം നിർവ്വഹിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. വി.എസ്. ദിനൽ അദ്ധ്യക്ഷനായി. മുൻ നഗരസഭാ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ്, പി.പി. സുഭാഷ്, നവ്യ തമ്പി, ശ്രീരാജ് എന്നിവർ സംസാരിച്ചു.