മാള: കുഴൂർ സർക്കാർ ഹൈസ്കൂളിൽ പി.ടി.എ പൊതുയോഗത്തിനിടയിൽ പ്രധാനാദ്ധ്യാപിക കുഴഞ്ഞു വീണു. ഈ വർഷം ആദ്യമായി പൊതുയോഗം ചേർന്നപ്പോഴാണ് പ്രധാനാദ്ധ്യാപിക ഇ.കെ. അംബിക കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് പൊതുയോഗം മാറ്റിവച്ചു. ഭക്ഷണക്കുറവും ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമാണ് കുഴഞ്ഞു വീഴാൻ ഇടയാക്കിയതെന്ന് പി.ടി.എ ഭാരവാഹിയായ സലിം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. പൊതുയോഗത്തിന് ആമുഖമായി എസ്.എം.ഡി.സി ചെയർമാൻ വി.വി. സുകുമാരൻ മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടർന്നാണ് പ്രധാനാദ്ധ്യാപിക കുഴഞ്ഞു വീണത്. തുടർന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം നിർമ്മൽ സി. പാത്താടൻ്റെ കാറിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയ ശേഷം അദ്ധ്യാപികയെ ഭർത്താവെത്തി കൊണ്ടുപോയി.