മാള: സർക്കാരിന്റെ മുഖശ്രീയായി മാറാൻ വില്ലേജ് ഓഫീസുകൾക്ക് കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കല്ലൂർ തെക്കുംമുറി സ്മാർട്ട് വില്ലേജ് ഓഫീസ് അന്നമനടയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വില്ലേജ് ഓഫീസുകൾ ജീവനക്കാരുടെ മാനസികാവസ്ഥ ഉയർത്തുമെന്നും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ബഡ്ജറ്റിൽ കൂടുതൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ അനുവദിക്കും. സംസ്ഥാനത്ത് 146 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി മാറ്റാൻ ഈ സർക്കാർ നടപടി സ്വീകരിച്ചു. ആയിരത്തോളം വില്ലേജ് ഓഫീസുകൾ അറ്റകുറ്റപ്പണികൾ നടത്തിയെന്നും 250 എണ്ണത്തിന് ചുറ്റുമതിൽ നിർമ്മിച്ചെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി , അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ജില്ലാ കലക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി.പാത്താടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.