തൃപ്രയാർ: ജംഗ്ഷനിലും ബസ് സ്റ്റാൻഡ് പരിസരത്തും ദേശീയപാതക്കരികിലുള്ള കാന തുറന്നു പരിശോധിച്ചപ്പോൾ കണ്ടത് കക്കൂസ് മാലിന്യം. വെള്ളം ഒഴുകിപ്പോവേണ്ട കാന കക്കൂസ് മാലിന്യം നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്നും പൈപ്പിട്ടാണ് മാലിന്യം കാനയിലേക്കൊഴുക്കി വിടുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പരിശോധന നടത്തിയത്.

രാവിലെ മുതൽ ഹിറ്റാച്ചി ഉപയോഗിച്ച് കാനയുടെ സ്ളാബുകൾ നീക്കി. തുടർന്ന് മാലിന്യം ടാങ്കറിൽ നീക്കം ചെയ്യാൻ ആരംഭിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, അംഗങ്ങളായ പി.എം സിദ്ധിക്ക്, വി.എം സതീശൻ, ടി.സി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സി.എ വർഗ്ഗീസ്, ആരോഗ്യവകുപ്പുദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്. കാനയിൽ നിന്ന് മാലിന്യം നീക്കുന്നത് ഇന്നും തുടരും.

മാലിന്യം നിറഞ്ഞതിനെ തുടർന്ന് കാനയിലെ ഒഴുക്ക് നേരത്തേ പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മഴ പെയ്തതോടെ കാനയിലും ദേശീയ പാതക്കരികിലും മലിന ജലം കെട്ടികിടന്നിരുന്നു. സെപ്റ്റിക്ക് മാലിന്യം റോഡാകെ പരന്നൊഴുകിയ നിലയിലുമായിരുന്നു. കാനയിൽ നിന്ന് കടുത്ത ദുർഗന്ധവും വമിച്ചു. ദേശീയ പാതക്കരികിലുള്ള ഹോട്ടലുകൾ, ഓഡിറ്റോറിയം മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യവും മറ്റുമാണ് കാനയിലേക്കൊഴുക്കിവിടുന്നത്. കഴിഞ്ഞ വർഷം കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിനെ തുടർന്ന് ഹോട്ടലുൾപ്പെടെ എതാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഇവർക്കെതിരെ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസികൾ ഒപ്പിട്ട പരാതി നാട്ടിക പഞ്ചായത്തിനും ആരോഗ്യവകുപ്പിനും നൽകിയിരുന്നു. പരിശോധനയിൽ കക്കൂസ് മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് ബസ് സ്റ്റാൻഡിനു വടക്കുവശത്തെ പ്രമുഖ ഹോട്ടലിന് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി.

സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാവുന്നില്ല. ദേശീയ പാതക്കരികിലെ കാന സമയാസമയത്ത് വൃത്തിയാക്കാൻ പോലും ഉത്തരവാദപ്പെട്ടവർ തയ്യാറായില്ല.

- പരിസരവാസികൾ

ഇക്കാര്യത്തിൽ പഞ്ചായത്തിനാണ് പൂർണ്ണ ഉത്തരവാദിത്വം

- എൻ.എച്ച് അധികൃതർ