വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിന്റെ ശനിദശ തീരുന്നില്ല. അത്താണിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള റോഡിലൂടെ യാത്ര ചെയ്ത് ആശുപത്രിയിൽ ത്തണമെങ്കിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നതാണ് അവസ്ഥ. അത്രയേറെ ശോചനീയമാണ് ഈ റോഡ്. എം.എൽ.എയും മന്ത്രിയുമെല്ലാം റോഡിന്റെ ശോചനീയാവസ്ഥ അറിഞ്ഞിട്ടും കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അത്താണി മേൽപ്പാലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് പൂർണ്ണമായും തകർന്നു കിടക്കുകയാണ്. മഴ പെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. പല ഭാഗത്തും ഇരു വശങ്ങളിൽ മാലിന്യ കൂമ്പാരങ്ങളുടെ വലിയ മല തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവയിലെ ഭക്ഷണാവശിഷ്ഠങ്ങൾ തേടിയെത്തുന്ന തെരുവുപട്ടികളുടെ ഭീഷണിയും ചില്ലറയല്ല.
ഉദ്യോഗസ്ഥരും ശീതസമരവും
കടമ്പകളെല്ലാം അതിജീവിച്ച് മെഡിക്കൽ കോളേജിൽ എത്തിയാൽ കാര്യങ്ങൾ അതിലേറെ ദയനീയം. സ്ഥിരവും താൽക്കാലികവുമായ ജീവനക്കാർ ഏറെയുണ്ടെങ്കിലും രോഗികൾക്ക് കൃത്യമായ ദിശാബോധം നൽകാൻ ആരുമില്ലെന്നതാണ് വസ്തുത. ഓരോ നിലകളിലും കയറിയിറങ്ങി രോഗി തന്നെ ചികിത്സിക്കേണ്ട ഡോക്ടറെ കണ്ടെത്തണം. ഇതിനിടെ ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരം വേറെ.
കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗവും സൂപ്രണ്ടും തമ്മിലുള്ള ശീതസമരം വലച്ചത് പരേതാത്മാക്കളെയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യാനാകാതെ മണിക്കൂറുകളോളമാണ് മൃതദേഹങ്ങൾ പുറത്തു കിടക്കേണ്ടി വന്നത്. ആരോഗ്യ രംഗത്ത് വകുപ്പു മന്ത്രിയും സർക്കാരും മുന്തിയ പരിഗണന നൽകുമ്പോഴും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായി ദയനീയമായി മാറി നിൽക്കുകയാണ് പൊതുജനം. ഇവിടെയെത്തുന്ന രോഗികളെ കൃത്യമായ സ്ഥലങ്ങളിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാൻ നടപടി വേണമെന്ന ജനകീയ ആവശ്യം ശക്തമാണ്.