എരുമപ്പെട്ടി: സ്റ്റോപ് മെമ്മോ നൽകിയിട്ടും പ്രവർത്തിക്കുന്ന സെല്ലോടേപ് നിർമ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഓംബുഡ്സ്മാന് പരാതി നൽകി. ആറ്റത്രയിൽ പ്രവർത്തിക്കുന്ന റോഷ്നി ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ലൈസൻസില്ലാതെ അനധികൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചും നിയമ വിരുദ്ധ പ്രവർത്തനത്തിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചും ആറ്റത്ര സ്വദേശിയായ ഒ.കെ. മണികണ്ഠനാണ് ഓംബുഡ്സ്മാന് പരാതി നൽകിയിട്ടുള്ളത്.
പരിസ്ഥിതി മലിനീകരണം ആരോപിച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പഞ്ചായത്ത് കമ്പനിക്ക് സ്റ്റോപ് നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ്, അഗ്നി രക്ഷാ വിഭാഗം എന്നിവയിൽ നിന്നും മതിയായ രേഖകൾ കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രവർത്തനം തടയുന്നതിന് കഴിഞ്ഞ ജൂലായ് 23ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും രണ്ട് ദിവസം മാത്രമാണ് കമ്പനി അടച്ചിട്ടത്.