ഗുരുവായൂർ: നഗരസഭയിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കും. നഗരസഭാ ചെയർപേഴ്‌സൻ വി.എസ്. രേവതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഗുരുവായൂർ റെയിൽവേ സ്‌റ്റേഷനിലാണ് പ്രീപെയ്ഡ് ഓട്ടോ ആരംഭിക്കുന്നത്.
മമ്മിയൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി മമ്മിയൂരിന് സമീപ പ്രദേശത്തെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കും. റോഡുകളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തി പോലീസ് റിപ്പോർട്ട് സമർപ്പിക്കും.
സബ് കളക്ടർ അർഫാന പർവീൺ, നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എസ് ഷെനിൽ, കെ.വി. വിവിധ്, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. ജയരാജ്, ജോയിന്റ് ആർ.ടി.ഒ: വി.കെ. സജിൻ, ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ, നഗരസഭാ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ടെമ്പിൾ എസ്.ഐ: എം.പി വർഗീസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രീ പെയ്ഡ് ഓട്ടോ സംവിധാനം
റെയിൽവേ സ്റ്റേഷൻ അടിസ്ഥാനമാക്കി പ്രത്യേക പെർമിറ്റ് സംവിധാനം
പ്രീപെയ്ഡ് സംവിധാനത്തിന്റെ ഭാഗമാകുന്ന ഓട്ടോകൾക്ക് പ്രത്യേക പെർമിറ്റ്
ഒക്ടോബർ അഞ്ചിന് മുമ്പായി ഇതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കും
ഒക്ടോബർ 15 മുതൽ റെയിൽവേ പ്രീപെയ്ഡ് ട്രയൽ റൺ ആരംഭിക്കും
നവംബർ ഒന്ന് മുതൽ പദ്ധതി പൂർണ്ണ നിലയിൽ നടപ്പിലാക്കുക ലക്ഷ്യം