കയ്പ്പമംഗലം: ഫാർമസിയിൽ മരുന്നും ജീവനക്കാരും ഇല്ലാത്തത് രോഗികളെ വലക്കുന്നതായി പരാതി. പെരിഞ്ഞനം കുറ്റിലകടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് രോഗികൾ ഡോക്ടറെ കണ്ടതിന് ശേഷം മരുന്നിനായി വലയുന്നത്. മൂന്നും നാലും മണിക്കൂറോളം വരിയിൽ നിന്നിട്ടാണ് മരുന്നു ലഭിക്കുന്നതെന്ന് രോഗികൾ പറഞ്ഞു. മരുന്നു വാങ്ങുമ്പോഴാണ് ഗ്യാസിനുള്ള മരുന്നു മാത്രമേ ഉള്ളൂ എന്നും മറ്റു മരുന്നുകൾ പുറത്തു നിന്ന് വാങ്ങണമെന്നും അറിയുന്നത്. ദിനം പ്രതി മുന്നൂറോളം രോഗികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ആശാ വർക്കർമാരാണ് ഇവിടെ മരുന്നുകൾ എടത്തു കൊടുക്കുന്നതെന്നും ആരോപണമുണ്ട്.
വ്യാഴാഴ്ച ദിവസങ്ങളിൽ ജീവിത ശൈലീ രോഗങ്ങളുള്ളവർ എത്തുന്നതിനാൽ കൂടുതൽ തിരക്കാണ് അനുഭവപെടാറ്. ഈ തിരക്കു കുറക്കുന്നതിനായി ചൊവ്വാഴ്ചയും ഈ വിഭാഗം രോഗികൾക്ക് ചികിത്സ അനുവദിച്ചിട്ടുണ്ടെങ്കിലും തിരക്കിന് കുറവുണ്ടാകുന്നില്ല. ഇന്നലെ ഫാർമിസിസ്റ്റുകൾ ഉച്ചക്കു മുമ്പ് തന്നെ പോയതിനാൻ ആശാ വർക്കർമാരാണ് മരുന്നുകൾ വിതരണം ചെയ്തതെന്ന് ചികിത്സക്കെത്തിയ മനേക് കുമാർ പറഞ്ഞു. മാത്രമല്ല ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളെ കുറിച്ച് അറിവില്ലാത്തതിനാൽ ചുരുക്കം ചില മരുന്നുകൾ മാത്രമാണ് ലഭിക്കുന്നതെന്നും പറഞ്ഞു.