എരുമപ്പെട്ടി: പ്രിയപ്പെട്ടവരുടെ കത്തുകൾ നൽകി നാട്ടുകാർക്ക് ആശ്വാസവും സന്തോഷവും എത്തിച്ചിരുന്ന പോസ്റ്റ്മാൻ ഉണ്ണി നായർക്ക് നാടിന്റെ സ്‌നേഹാദരം. സംതൃപ്തിയുള്ള നിരവധി ഓർമ്മകൾ തങ്ങിനിൽക്കുന്ന തന്റെ സേവനമേഖലയുടെ വികസനം കണ്ട് വിശ്രമജീവിതം നയിക്കുകയാണ് നാട്ടുകാരുടെ പ്രിയങ്കരനായ ഈ 83 കാരൻ.
തയ്യൂർ ചക്കുത്തയിൽ ബാലകൃഷ്ണൻ എന്ന ഉണ്ണി നായർ 1970കളിലാണ് തപാൽ രംഗത്തേക്ക് കടന്നു വരുന്നത്. നാട്ടുകാരുടെ പ്രധാന സന്ദേശവാഹകരായിരുന്ന പോസ്റ്റ് മാനായാണ് ഉണ്ണി നായർ നിയമിതനായത്. വേലൂർ പഞ്ചായത്തിലെ വിവിധ പോസ്റ്റോഫിസുകളിലായി 32 വർഷം സേവനം അനുഷ്ഠിച്ചു. സ്‌നേഹത്തോടെ ഇദ്ദേഹത്തെ മാഷെന്നാണ് നാട്ടുകാർ വിളിക്കുന്നത്.
പ്രിയപ്പെട്ടവരുടെ കത്തുകൾ ഉത്കണ്ഠയോടെ കാത്തിരിക്കുന്നവർക്ക് ഉത്തരവാദിത്വത്തിൽ യഥാസമയങ്ങളിൽ എത്തിച്ചു കൊടുക്കയെന്നത് മാഷുടെ പ്രത്യേകതയായിരുന്നു. 2000ൽ അധികം വീടുകളിലേക്കുള്ള 150ൽ പരം തപാൽ ഉരുപ്പടികൾ മുഴുവനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ ഉണ്ണി നായർ വീട്ടിലേക്ക് മടങ്ങിയിരുന്നുള്ളൂ. അവധി ദിവസങ്ങളിലും ജോലിക്കെത്തിയിരുന്ന ഉണ്ണിനായരെ നാട്ടുകാരിന്നും ഓർക്കുന്നു.
എഴുത്തും വായനയും അറിയാത്ത പല വീടുകളിലും സന്തോഷത്തോടെ കത്ത് വായിച്ച് നൽകിയിരുന്നതും ജോലിയോടുള്ള അർപ്പണ മനോഭാവമായിരുന്നു. സന്ദേശവാഹികളായ വാട്‌സ് ആപും ഇമെയിലും പ്രചാരത്തിലെത്തും മുൻപേ സുഖ സ്മരണകൾ നൽകുന്ന കത്തുകളും, മണി ഓർഡറുകളും സഞ്ചിയിൽ തൂക്കി സൈക്കിളിൽ വന്നിരുന്ന മാഷിനെയും കാത്ത് വീട്ടുപടിക്കൽ നിന്നിരുന്നത് വേലൂർക്കാർക്കിന്നും കുളിരോർമ്മയാണ്. അനേകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് സേവനം എത്തിച്ചതിന് നാട്ടുകാർ നൽകുന്ന ആദരവാണ് ഒരു പോസ്റ്റ്മാന്റെ ഏറ്റവും വലിയ അംഗീകാരമെന്ന് ബാലകൃഷ്ണൻ നായർ പറഞ്ഞു.
തലമുറ വ്യത്യാസമില്ലാതെ ഇന്നും അദ്ദേഹത്തെ ഓർക്കുന്നത് ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും കൊണ്ട് തന്നെയാണ്. സുകന്യ സമൃദ്ധി യോജന സമ്പൂർണ ഗ്രാമമായി തിരഞ്ഞെടുത്ത വേലൂർ പഞ്ചായത്തിലെ വാർഡ് 13 വെള്ളാറ്റഞ്ഞൂർ ഗ്രാമത്തിന്റെ ആഘോഷ ചടങ്ങിലാണ് ഉണ്ണി നായരെ ആദരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ ഉണ്ണിനായരെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.