ചാലക്കുടി : കാലഘട്ടത്തിന്റെ സൃഷ്ടി എന്നതിനപ്പുറത്ത് കാലഘട്ടത്തിന്റെ സ്രഷ്ടാവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ചാലക്കുടി ശ്രീനാരായണ ഹാളിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിൽ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ അരുവിപ്പുറം വിപ്ലവം ഒരു യുഗപ്പിറവിക്ക് തന്നെ നാന്ദികുറിച്ചു. അമേരിക്കയിലെ ചിക്കാഗോയിൽ 'സഹോദരീ സഹോദരന്മാരെ 'എന്ന് വിവേകാനന്ദസ്വാമി 1893 ൽ സംബോധന ചെയ്യുന്നതിനും അഞ്ച് വർഷം മുമ്പ് 1888ൽ അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശമായി ഏകലോക സഹോദര്യ ദർശനം ഗുരുദേവൻ വിളംബരം ചെയ്തു. ജാതിമതഭേദ ചിന്തകൾ കൊണ്ടും നിരവധി അനാചാരങ്ങൾ കൊണ്ടും അന്ധകാരത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് ആണ്ടുപോയ ബഹുഭൂരിപക്ഷത്തിന് ഉയർന്നുവരാൻ ഒരു വിമോചകനെ ആവശ്യമായിരുന്നു.
ഗുരുവിന്റെ ചിങ്ങമാസത്തെ അവതാരം കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഓർമ്മിപ്പിക്കുന്നത്. ശ്രീകൃഷ്ണൻ, ശ്രീ ബുദ്ധൻ, യേശുക്രിസ്‌തു , മുഹമ്മദ് നബി തുടങ്ങിയ ജഗത് ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവായ ശ്രീനാരായണഗുരുവിന്റെ സ്വരൂപം കേരളീയർ ഇനിയും മനസിലാക്കിയിട്ടില്ല. ദിവ്യപ്രബോധനത്തിൽ ഗുരുവിന്റെ തിരുഅവതാരം, ബാല്യകാലം , ഉപരിപഠനം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു. ദിവസവും രാവിലെ 9.30ന് ആരംഭിക്കുന്ന ദിവ്യപ്രബോധനം വൈകിട്ട് 4.30 ന് അവസാനിക്കും. രാവിലെ 7 ന് ശാന്തിഹവന യജ്ഞം, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകളും നടക്കും.