തൃശൂർ: തലങ്ങും വിലങ്ങും ലക്കും ലഗാനുമില്ലാതെ ചീറിപ്പാഞ്ഞെത്തുന്ന ബസുകളാൽ ശക്തൻസ്റ്റാൻഡ് വീണ്ടും കൊലക്കളമായി. രണ്ട് വർഷത്തിനിടയിൽ ശക്തൻസ്റ്റാൻഡിലും പരിസരപ്രദേശത്തുമായി പൊലിഞ്ഞത് പത്തോളം പേരുടെ ജീവൻ. അപകടങ്ങൾ തുടർക്കഥയായിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ ഇതുവരെ കോർപറേഷനും പൊലീസിനുമാകുന്നില്ല.

തോന്നിയ സ്ഥലത്ത് വണ്ടി പാർക്കു ചെയ്യുന്നത് മൂലമുണ്ടാകുന്ന കുരുക്കും നിയന്ത്രണം തെറ്റിച്ച് ഓടുന്ന വാഹനങ്ങളും അപകടക്കുരുക്കിന് കാരണക്കാരാണ്. ഇന്നലെ ശക്തൻ സ്റ്റാൻഡിന് വിളിപ്പാടകലെയാണ് ബസിടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടത്. ഈ വർഷം ജനുവരി 10ന് ശക്തൻ സ്റ്റാൻഡിൽ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചിരുന്നു. ഇതിന് പുറമെ ശക്തൻ സ്റ്റാൻഡിൽ അപകടങ്ങളും പരിക്കേൽക്കലും സ്ഥിരം സംഭവമാണ്. ശക്തൻ നഗറിൽ എല്ലാ വഴിക്കും ബസുകൾ ചീറിപ്പാഞ്ഞുവരുന്നതാണ് അപകടത്തിനുള്ള പ്രധാന കാരണം.

പെട്ടെന്ന് ബസുകൾ വരുമ്പോൾ ചെറിയ വാഹനങ്ങളും കാൽനടയാത്രക്കാരും എങ്ങോട്ടു മാറണം, എവിടേക്ക് വഴിയൊതുങ്ങണം എന്നറിയാതെ പലപ്പോഴും കുഴങ്ങും.
എറണാകുളം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് ശക്തൻ സ്റ്റാൻഡിന് സമീപം അനുവദിച്ചിട്ടുള്ള സ്റ്റോപ്പും അതിനോടു ചേർന്ന് സ്വകാര്യ ബസുകൾക്കുള്ള സ്‌റ്റോപ്പും എല്ലാം കൂടി ശക്തൻ മത്സ്യമാർക്കറ്റിന് സമീപത്തുണ്ടാക്കുന്ന തിരക്ക് വളരെ വലുതാണ്. സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇതുവഴി കടന്നുപോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്.

ഈ ഭാഗത്ത് ആളുകളെ ഇറക്കാനായി ഓട്ടോറിക്ഷകളും നിറുത്തുന്നതോടെ വണ്ടികളുടെ കൂട്ടപ്പൊരിച്ചിലാണ്. ടൗണിൽ നിന്നും ഇക്കണ്ടവാര്യർ റോഡിൽ നിന്നുമെത്തുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗത്തും അപകടം പതുങ്ങിയിരുപ്പുണ്ട്. എതിർദിശയിൽ നിന്നുവരുന്ന ചെറു വാഹനങ്ങളെ തീരെ ഗൗനിക്കാതെ ബസുകൾ സ്റ്റാൻഡിലേക്ക് കയറ്റിയെടുക്കുന്നതും പതിവാണ്. സ്റ്റാൻഡിനകത്തേക്ക് കടക്കാൻ ട്രാക്കുകളുണ്ടെങ്കിലും ശക്തൻ സ്റ്റാൻഡിലേക്ക് തിരിയുന്നിടത്ത് വേഗത കുറയ്ക്കാൻ യാതൊരു സംവിധാനവുമില്ല.

 ഏങ്ങനെ സമയക്രമം പാലിക്കും


തകർന്ന റോഡിലൂടെയും കുരുക്കിലും പെട്ട് സമയക്രമം പലപ്പോഴും തെറ്റും. കൃത്യസമയത്ത് സ്റ്റാൻഡിലെത്തണമെങ്കിൽ അമിതവേഗതയിലെത്തിയാലേ കാര്യമുള്ളൂ. മിനിറ്റുകളുടെ ഇടവേള മാത്രമേയുള്ളൂവെന്നതിനാൽ പെട്ടെന്ന് യാത്രക്കാരെ കയറ്റിപ്പോകാനാണ് എല്ലാവർക്കും തിടുക്കം. ഇതൊക്കെയാകുമ്പോൾ അപകടകരമായ ഡ്രൈവിംഗ് സ്വാഭാവികം - (സ്വകാര്യ ബസ് ഡ്രൈവർ)

സിഗ്നൽ സംവിധാനം വേണം

ശക്തൻ സ്റ്റാൻഡിലേക്കുള്ള വെളിയന്നൂർ റിംഗ് റോഡും പട്ടാളം റോഡും ഇക്കണ്ടവാര്യർ റോഡും ശക്തൻ പ്രതിമക്കടുത്തു നിന്നും കൊക്കാലെ ഭാഗത്തേക്കുമുള്ള വഴിയിലുമെല്ലാം വാഹന ബാഹുല്യം ഏറെയാണ്. കാൽനട യാത്ര പോലും ഈ വഴികളിൽ ദുഷ്കരമാണ്. സിഗ്‌നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചാൽ ഇതിനൊക്കെ നിയന്ത്രണമുണ്ടാകും.


അപകടം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കും. അപകട സാദ്ധ്യതയെക്കുറിച്ച് പരിശോധിക്കും- വി.കെ. രാജു (എ.സി.പി)