തൃപ്രയാർ: എല്ലാവീടുകളിലും സമീകൃതാഹാരം ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പോഷകാഹാരത്തിന്റെ കാര്യത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി പോഷൻ എക്‌സ്പ്രസ് പ്രചരണ വാഹനത്തിനു നാട്ടികയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തു ഏറ്റവും കുറവ് പെൺക്കുഞ്ഞുങ്ങൾ ജനിക്കുന്നത് തൃശൂർ ജില്ലയിലാണ്, തളിക്കുളം, പഴയന്നൂർ ബ്ലോക്കുകളിലാണ് താരതമ്യേനെ സമീകൃതാഹാരകുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ബ്ലോക്കുകളിൽ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും പരമ്പരാഗത ആഹാര രീതികളെയും കൃഷിയെയും തിരിച്ചു കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷമിട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ പദ്ധതിയുടെ (സമ്പുഷ്ട കേരളം) ഭാഗമായുള്ള പോഷൺ എക്‌സ്പ്രസ് പ്രചരണ വാഹനമാണ് നാട്ടികയിലെത്തിയത്. ശ്രീനാരായണ ഹാളിൽ നടന്ന പരിപാടിയിൽ തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഡോ സുഭാഷിണി മഹാദേവൻ അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ എസ്. ഷാനവാസ് വിഷയാവതരണം നടത്തി. പരിപാടിയോട് അനുബന്ധിച്ചു ക്വിസ് മത്സരം, പോഷകാഹാര പ്രദർശനം, അംഗൻവാടി ജീവനക്കാർ, നാടൻപാട്ട് കലാസംഗം എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.